ബാംഗ്ലൂര്‍; കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നിയമ സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. രാജി സമര്‍പ്പിച്ച 15 എംഎല്‍എമാര്‍ സഭയില്‍ എത്തിയിട്ടില്ല. എംഎല്‍എമാരെ കൂടാതെ ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാരും സഭയില്‍ എത്തിയിട്ടില്ല.
കോണ്‍ഗ്രസ് എംഎല്‍എ സീമന്ത് പാട്ടീലും. ബിഎസ്പി അംഗം മഹേഷും സഭയില്‍ എത്തിയിട്ടില്ല. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സീമന്ത് പാട്ടീല്‍ ഇന്നലെ രാത്രിയാണ് റിസോര്‍ട്ടില്‍ നിന്ന് പുറത്ത് ചാടിയത്. പുറത്ത് ചാടിയ സീമന്ത് മുംബൈയില്‍ ചികിത്സയിലാണെന്നാണ് വിവരം. അതെസമയം വിമതര്‍ക്ക് ഒപ്പം രാജി സമര്‍പ്പിച്ച രാമലിംഗ റെഡ്ഡി സഭയിലേത്തിയിട്ടുണ്ട്.
തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒറ്റ വരിയില്‍ പറഞ്ഞാണ്
മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും. സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.
അതെസമയം അംഗംങ്ങള്‍ക്ക് പരമാവധി സംസാരിക്കേണ്ടതുണ്ടെന്നും വോട്ടെടുപ്പിന് കുറച്ച് സമയം വേണമെന്നും കുമാരസ്വാമി സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ യെദ്യൂരപ്പ ഇതിനെ എതിര്‍ത്തു. ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു.
എന്നാല്‍ കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അങ്ങനയെങ്കില്‍ അംഗങ്ങള്‍ വിശദമായി സംസാരിച്ചതിന് ശേഷം നാളെയോ തിങ്കളാഴ്ചയോ ആകും വിശ്വാസ വോട്ടെടുപ്പ് നടക്കുക.
സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതിലാണെന്ന് സഭയില്‍ സംസാരിച്ചു കൊണ്ട് കുമാരസ്വാമി പറഞ്ഞു. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും കുമാരസ്വാമി പറഞ്ഞു.
വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിന് പിന്നിലുണ്ട്. സഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും കുമാരസ്വാമി ആരോപിച്ചു.