പഞ്ചാബില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്; നവജ്യോത് സിങ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു; നടപടി അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതയെ തുടര്‍ന്ന്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പഞ്ചാബില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണം സിദ്ദുവാണെന്നായിരുന്നു അമരീന്ദറിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതെയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന് ജൂലൈ 10 സമര്‍പ്പിച്ച രാജിക്കത്ത് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പഞ്ചാബില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണം സിദ്ദുവാണെന്നായിരുന്നു അമരീന്ദറിന്റെ വിമര്‍ശനം. പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിദ്ദുവിനെ അപ്രധാനവകുപ്പിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആയിരുന്നു സിദ്ദുവിന്റെ ആരോപണം. പിന്നാലെ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് സിദ്ദു വിട്ട് നില്‍ക്കുകയും, ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ഭാര്യക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സിദ്ദുവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു.

Exit mobile version