ന്യൂഡല്‍ഹി; ഫലം കാണാതെ കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങള്‍. അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയില്‍. കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായിട്ടാണ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സഖ്യസര്‍ക്കാരില്‍ തുടരുമെന്ന് രാവിലെ വ്യക്തമാക്കിയ എംടിബി നാഗരാജ് ഉള്‍പ്പെടെ അഞ്ച് പേരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കെ സുധാകര്‍, റോഷന്‍ ബെയ്ഗ്, മുനിരത്‌ന നായിഡു, ആനന്ദ് സിംഗ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന മറ്റ് എംഎല്‍എമാര്‍. രാജി സമര്‍പ്പിച്ചാല്‍ അയോഗ്യനാക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ എംഎല്‍എമാര്‍ പറയുന്നു. രാജിസ്വീകരിക്കുന്നില്ല എന്ന് പരാതിപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന എംഎല്‍എമാരുടെ എണ്ണം ഇതോടെ പതിനഞ്ച് ആയി.
വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെ അനുനയ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന്
വിമത എംഎല്‍എ എംടിബി നാഗരാജുമായി ഡികെ ശിവകുമാര്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നാഗരാജു സര്‍ക്കാരില്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകിട്ടോടെ നാഗരാജു സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുളള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീവ്രശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.