കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി; ചൊവ്വാഴ്ച വാദം കേള്‍ക്കും

സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അവരെ അയോഗ്യരാക്കുന്ന കാര്യത്തിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. അടുത്ത ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. സ്പീക്കറുടെയും വിമത എംഎല്‍എമാരുടെയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം.

രാജിക്കാര്യത്തില്‍ ഇന്നലെ തന്നെ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞിട്ടും, തീരുമാനമെടുക്കാതിരുന്ന സ്പീക്കറെ കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും സുപ്രീംകോടതി ചോദിച്ചു.

ഹര്‍ജി പരിഗണിക്കവേ കടുത്ത വാദ പ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. എംഎല്‍എമാരെ അയോഗ്യനാക്കാന്‍ ആണ് രാജിയില്‍ തീരുമാനം വൈകുന്നത്. രാജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അയോഗ്യതയില്‍ തീരുമാനം വിലക്കണമെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ റോത്തഗി പറഞ്ഞു. അല്ലെങ്കില്‍ സ്പീക്കര്‍ക്ക് എതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കണമെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ക്ക് കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ സിംഗ്വി ആവശ്യപ്പെട്ടത്. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതെന്നും, രണ്ട് പേര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ചിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു. നിയമസഭയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.

എംഎല്‍എമാരുടെ ആരോപണം തെറ്റാണ്, കൂറുമാറല്‍ ആണ് ലക്ഷ്യമെന്നും കുമാര സ്വാമിക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. രാഷ്ട്രീയ കളിക്ക് എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫീസിനെ വലിച്ച് ഇഴക്കുകയാണെന്നും ധവാന്‍ പറഞ്ഞു.

തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയം നല്‍കണമെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ഹരിയാന അസംബ്ലി സ്പീക്കര്‍ക്ക് തീരുമാനം എടുക്കാന്‍ ഹൈകോടതി നാല് മാസം സമയം നല്‍കിയിട്ടുണ്ടെന്നും
രാജീവ് ധവാന്‍ സൂചിപ്പിച്ചു.

തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. അടുത്ത ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

Exit mobile version