മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് തുടക്കം. ന്യൂസീലൻഡിനെതിരേ ടോസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് കളത്തിലിറങ്ങുന്നത്.
എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ഒൻപത് മത്സരങ്ങളിലെല്ലാം വിജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ന്യൂസീലൻഡിന് ആദ്യ നാലുമത്സരങ്ങൾ വിജയിച്ചശേഷം പിന്നീടുള്ള നാലെണ്ണവും തോൽക്കാനായിരുന്നു നിയോഗം.
അവസാനമത്സരത്തിൽ ജയിച്ചാണ് നാലാംസ്ഥാനത്തോടെ സെമിയിലെത്തിയത്. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ കിവീസിനോടുള്ള പ്രതികാരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അന്ന് 18 റൺസിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിൽ കടന്നത്.
2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും എട്ടുവിക്കറ്റിന് ഇന്ത്യയെ കിവീസ് തോൽപ്പിച്ചിരുന്നു. ഇതിനെല്ലാം സ്വന്തംനാട്ടിൽ പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക്.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്. ടീം ന്യൂസീലൻഡ്: ഡെവൻ കോൺവെ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്.