കനത്തമഴ തുടരുന്നു; തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയെല്ലോ അലര്‍ട്ട്, വെള്ളക്കെട്ടില്‍ തലസ്ഥാനം; അഞ്ച് ദിവസം കൂടി മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം വെള്ളക്കെട്ടില്‍ വലയുകയാണ്. തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വ്യാപകമായ കൃഷിനാശവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫോ പാര്‍ക്കിലും വെള്ളം കയറിയിട്ടുണ്ട്. രാത്രി മുഴുവന്‍ ശക്തമായ പെയ്ത മഴ രാവിലെയോടെ ശമിച്ചെങ്കിലും പലയിടത്തും വീടുകളില്‍ വെള്ളം കയറി.

അതേസമയം, ഈ രീതിയില്‍ അഞ്ചു ദിവസം കൂടി മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരമേഖലയിലുള്ളവര്‍ക്കും തീരദേശമേഖലയിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ALSO READ- പെണ്‍പ്രതിമ പരാമര്‍ശം; ‘ഒരുകോടി നഷ്ടപരിഹാരം നല്‍കണം’, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ജാതീയമായും അലന്‍സിയര്‍ അപമാനിച്ചെന്ന് കുടുംബം;

വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് ശക്തി കുറവാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ മഴയുണ്ടായില്ല. കേരള തീരത്ത് 15-10-2023ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് 15-10-2023ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Exit mobile version