കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ ജിഷാ വധക്കേസിലേയും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധശിക്ഷ പുനപരിശോധിക്കുമെന്ന് ഹൈക്കോടതി. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ളാം എന്നിവരുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം, ഈ പശ്ചാത്തലമാണോ കുറ്റകൃത്യങ്ങളിലേക്ക് ഇവരെ നയിച്ചത് .ഇതിന് മുമ്പ് അവർ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ ജയിൽ ഈ പ്രതികളുടെ പെരുമാറ്റവും, സമീപനവും, മാനസികനിലയും, തുടങ്ങിയ കാര്യങ്ങളെക്കുച്ചാണ് കോടതി പരിശോധിക്കുന്നത്.
ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും. ഇവരുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഹൈക്കോടതി ജയിൽ ഡി ജി പിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു പൂജപ്പുര ജിയിലിലും, ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്ലാം വിയ്യൂർ ജയിലിലും ആണുള്ളത്.
അതേസമയം, കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. വധശിക്ഷ പോലുള്ള ശിക്ഷകൾ വിധിക്കുമ്പോൾ പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് നൽകിയത്.