ദുബായ്: വരാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനായി പാകിസ്താനിലേക്ക് ഇന്ത്യയെ ക്ഷണിച്ച് പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്താനിലേക്കില്ലെന്ന നിലപാടിലാണ് നിലവിൽ ഇന്ത്യ. ഇക്കാര്യത്തിൽ വിശദീകരണം ഇതുവരെയും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
സുരക്ഷാകാരണങ്ങളെ തുടർന്നാണ് ഇന്ത്യ വിട്ടുനിൽക്കാൻ ആലോചിക്കുന്നത്. വേദിമാറ്റണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചിരുന്നെങ്കിലും വേദി മാറ്റാനാകില്ലെന്ന് പാകിസ്താൻ നിലപാടെടുക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ അക്കാര്യത്തിലും കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വരണമെന്ന് അഫ്രീദി ആവശ്യപ്പെട്ടിരിക്കുന്നത്. ‘ബിസിസിഐ ശക്തമായ ക്രിക്കറ്റ് ബോർഡാണ്. അതുകൊണ്ട് അവർക്ക് ഉത്തരവാദിത്തങ്ങളുണ്ട്. കൂടുതൽ സുഹൃത് ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. ശത്രുക്കളെ ഉണ്ടാക്കരുത്. കൂടുതൽ സൗഹൃദമുണ്ടാവുമ്പോൾ കൂടുതൽ ശക്തരാവും.”
”ഇന്ത്യ, പാക്കിസ്താനിൽ വന്നാൽ നന്നായിരിക്കും. ബന്ധങ്ങൾ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വഴക്കുകളിൽ താൽപര്യമുള്ള തലമുറയല്ല ഇപ്പോഴത്തേത്. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടായി ഇതിനെ കാണണം. നിലവിൽ പാkിസ്താൻ സുരക്ഷിതമാണ്. നിരവധി രാജ്യങ്ങൾ അടുത്തിടെ പാക്കിസ്താനിൽ പര്യടനത്തിനായെത്തി. ഇന്ത്യയിൽ നിന്ന് ഞങ്ങൾക്കും സുരക്ഷാഭീഷണിയുണ്ടെന്ന് ഓർക്കണം.”- എന്നാണ് അഫ്രീദി പറഞ്ഞത്.
അതേസമയം, പാകിസ്താൻ വേദിയാവുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഈ വർഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിൽ കളിക്കുന്ന കാര്യം പാകിസ്താനും ആലോചിക്കേണ്ടിവരുമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി മുൻപ് പ്രതികരിച്ചത്. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യൻ ടീമിന് മാത്രമായി പാകിസ്താനിലുള്ളതെന്നും സേഥി ചോദ്യം ചെയ്യുന്നു.
Discussion about this post