ന്യൂഡല്‍ഹി: ദേശീയ മാധ്യമത്തിന്റെ ഒളിക്യാമറ അന്വേഷണത്തില്‍ കുരുങ്ങി വെളിപ്പെടുത്തലുകള്‍ പുറത്തായതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ പുറത്തായേക്കും എന്നാണ് സൂചനകള്‍. സഞ്ജു സാംസണ്‍ അടക്കമുള്ള ദേശീയ താരങ്ങളെ കുറിച്ചാണ് ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇനി വൈറ്റ് ബോള്‍ മാച്ചുകളില്‍ കളിച്ചേക്കില്ലെന്നാണ് ചേതന്‍ ശര്‍മ സൂചിപ്പിക്കുന്നത്. ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറിയും ശുഭ്മാന്‍ ഗില്‍ തുടരുന്ന മിന്നും ഫോമുമാണ് സഞ്ജു അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ കരിയറിനെ അപകടത്തിലാക്കുന്നത്.
ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ഫോമായതോടെ സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലായിരിക്കുകയാണ്. ശിഖര്‍ ധവാനെ ഇഷാന്‍ ഫോമിലായതോടെ ഡിസംബറിന് ശേഷം പിന്നീട് മത്സരങ്ങള്‍ക്കായി ബിസിസിഐ പരിഗണച്ചിരുന്നില്ലെന്നും ചേതന്‍ ശര്‍മ പറയുന്നു.
സീനിയര്‍ താരങ്ങളായ രോഹിത്, കോഹ്‌ലി തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കിയത് ടീമില്‍ ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കാന്‍ വേണ്ടിയാണെന്നും ചേതന്‍ ശര്‍മ പറയുന്നുണ്ട്.
സഞ്ജു സാസംസണിന്റെ ആരാധകരെ കുറിച്ചും ചേതന്‍ ശര്‍മ പരാമര്‍ശിക്കുന്നുണ്ട്. 2015ല്‍ അരങ്ങേറിയ സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ടീം സെലക്ഷനില്‍ സഞ്ജു ഉള്‍പ്പെടാത്ത ഘട്ടത്തില്‍ സഞ്ജു ആരാധകര്‍ ട്വിറ്ററില്‍ ഉണ്ടാക്കുന്ന കൊടുങ്കാറ്റ് സെലക്ടര്‍മാര്‍ക്കും അറിയാം. സോഷ്യല്‍മീഡിയയിലെ സഞ്ജുവിന്റെ ആരാധകരുടെ ശക്തി അറിയാത്തവരല്ല സെലക്ടര്‍മാരെന്നും എല്ലാവരും ഇക്കാര്യം മനസില്‍ കണ്ടാണ് ടീം പ്രഖ്യാപിക്കുന്നതെന്നതെന്നും ചേതന്‍ ശര്‍മ പറയുന്നു.
സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങളെ വെറുതെ വിടില്ലെന്നറിയാം. എന്നാലും ഇഷാന്‍ കിഷന്റെ ഏകദിന ഡബിള്‍ സെഞ്ച്വറിയോടെ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഏറെക്കുറെ അവസാനിച്ചെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു. ഏകദിനത്തില്‍ പരിഗണിക്കാതെ പിന്നീട് സഞ്ജുവിനെ ടിട്വന്റിയിലേക്കാണ് പരിഗണിച്ചത്. പരിക്കേറ്റ് പുറത്തായ സ#്ജു ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ.
കൂടാതെ, ദേശീയ ടീമിലെ ചില പ്രധാന താരങ്ങള്‍ ഫിറ്റ്നെസ് തെളിയിക്കുന്നതിനായി നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. പരിശോധനയില്‍ പിടിക്കപ്പെടാത്ത തരത്തിലുള്ള ഇത്തേജക മരുന്നുകളാണ് ഫിറ്റ്‌നസ് തെളിയിക്കാനായി ഇവര്‍ ഉപയോഗിക്കുന്നതെന്നും ചേതന്‍ ശര്‍മ പറയുന്നു.