ചുവപ്പ് കാര്‍ഡില്ല, പെനാല്‍റ്റിയില്ല; വിവാദങ്ങളുമില്ല, മാന്യനായ പോളിഷ് റഫറിയെ തന്നെ ഫൈനലിലേക്ക് കണ്ടുവെച്ച് ഫിഫ!

ദോഹ: ലോകകപ്പ് സെമിയിലടക്കം കളി നിയന്ത്രിച്ച റഫറിമാര്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ മാന്യനായ റഫറിയെ ഏര്‍പ്പെടുത്തി ഫിഫ. പോളണ്ട്കാരനായ ഷിമന്‍ മാഴ്‌സിനിയാക്ക് ആണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ നിയന്ത്രിക്കുക.

പൊതുവെ നെഗറ്റീവ് റിമാര്‍ക്കുകളൊന്നും ഇല്ലാത്ത റഫറിയായ മാഴ്‌സ്‌നിയാക്കിനെയാണ് ഫിഫ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം രണ്ട് മത്സരങ്ങള്‍ ലോകകപ്പില്‍ നിയന്ത്രിച്ചിരുന്നു. 41കാരനായ മാഴ്‌സിനിയാക്ക് അര്‍ജന്റീന-ഓസ്‌ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരങ്ങളാണ് നിയന്ത്രിച്ചിരുന്നത്.

അന്ന് അഞ്ച് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും, ചുവപ്പുകാര്‍ഡോ പെനാല്‍റ്റിയോ വിധിച്ചിരുന്നില്ല. വിവാദ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതും മാഴ്‌സിനിയാക്കിന് അനുകൂലമായി. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചിരുന്നത് മാഴ്‌സിനി ആണ്.

നേരത്തെ, നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാര്‍ വലിയ വിവാദങ്ങളായ തീരുമാനങ്ങളെടുത്തിരുന്നു. അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസ് മഞ്ഞക്കാര്‍ഡുകളുടെ പ്രളയമാണ് നടത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. ഇരു ടീമിലുമായി 16 കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും ലാഹോസ് കാര്‍ഡ് നല്‍കിയിരുന്നു.

ALSO READ- ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

തുടര്‍ന്ന് അര്‍ജന്റീനന്‍ നായകന്‍ ലിയോണല്‍ മെസി തന്നെ റഫറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ ക്രൊയേഷ്യ- അര്‍ജന്റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റിനെതിരെ ക്രൊയേഷ്യന്‍ പരിശീലകനും ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചും രംഗത്തെത്തിയിരുന്നു. അര്‍ജന്റീനക്ക് അനുകൂലമായി ആദ്യ പെനല്‍റ്റി വിധിച്ചതാണ് കളിയില്‍ നിര്‍ണായകമായതെന്നും അത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് മോഡ്രിച്ച് പറയുന്നത്.

പോര്‍ച്ചുഗല്‍ – മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടം നിയന്ത്രിച്ച അര്‍ജന്റീനന്‍ റഫറിക്കെതിരെയും പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും പെപ്പെയും രംഗത്തെത്തിയിരുന്നു. ക്വാര്‍ട്ടറിലെ അവസാന മത്സരമായ ഫ്രാന്‍സ് – ഇംഗ്ലണ്ട് പോരാട്ടം നിയന്ത്രിച്ച റഫറിയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു

Exit mobile version