ദോഹ: 12 കിലോമീറ്റര്‍ മാത്രം അകലത്തിലായി വിവിധയിടങ്ങളില്‍ ഒരുക്കിയ ഖത്തറിലെ എട്ട് സ്റ്റേഡിയത്തിലേക്ക് ലോകം ചുരുങ്ങുകയാണ്. ഇനിയുള്ള 29 ദിവസങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും ഒരേയൊരു മന്ത്രം മാത്രം, ഫുട്ബോള്‍! ആദ്യമായി അറേബ്യന്‍ മണ്ണിലേക്ക് എത്തുന്ന ലോകകപ്പില്‍ പന്തുരുളാനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഖത്തറിലെ ലക്ഷക്കണക്കിന് ആരാധകര്‍.
കിക്കോഫ് മത്സരത്തില്‍ തെക്കനമേരിക്കയില്‍ നിന്നും എത്തുന്ന പരിചയ സമ്പന്നരായ ഇക്വഡോറിനേയാണ് ആതിഥേയരായ ഖത്തര്‍ നേരിടുന്നത്. ഞായറാഴ്ച ഇന്ത്യന്‍ സമയം 9.30ക്കാണ് മത്സരം. അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
കുഞ്ഞുരാജ്യമാണെങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസത്തിലായി നടക്കുന്ന ലോകമാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത് 32 ടീമുകളാണ്. 64 മത്സരങ്ങള്‍ക്ക് ഒടുവില്‍ ലോകകിരീടം ഉയര്‍ത്തുന്നത് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി.
12 ലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയങ്ങളിലേക്ക് ടെലിവിഷന്‍ ക്യാമറകളും മിഴി തുറക്കുന്നതോടെ ‘അല്രിഹ്ല’യെന്ന പന്തിനൊപ്പം ലോകം പായും. ഡിസംബര്‍ പതിനെട്ടിന് രാത്രി ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.
Discussion about this post