ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് ടാന്‍സാനിയന്‍ കണ്ടന്റ് ക്രിയേറ്ററായ കിലി പോള്‍. ബോളിവുഡിലെ ഹിറ്റ് ഗാനങ്ങള്‍ കൃത്യമായ ലിപ് സിങ്കോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വയ്ക്കുന്ന കിലി പോളിന്റെയും സഹോദരി നീമ പോളിന്റെയും വീഡിയോകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്.

ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യന്‍ ഹൈക്കമ്മിഷണ്‍ ആദരിച്ചിരിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസ് സന്ദര്‍ശിച്ച കിലി പോളിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ബിനയ പ്രധാന്‍ ട്വിറ്ററില്‍ പങ്ക് വച്ചു. നിരവധി ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് റീലുകള്‍ ചെയ്ത ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പേരുടെ ഇഷ്ടം പിടിച്ചു പറ്റിയ വ്യക്തിയാണ് കിലിയെന്നായിരുന്നു ബിനയയുടെ ട്വീറ്റ്.

ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സാണ് കിലിക്കുള്ളത്. പ്രശസ്തമായ ഒരുപാട് ഹിന്ദി ഗാനങ്ങളുടെ ലിപ് സിങ് വീഡിയോസും ഡാന്‍സ് വീഡിയോസും കിലിയും സഹോദരി നീമയും ചേര്‍ന്ന് ചെയ്തിട്ടുണ്ട്. ഷേര്‍ഷ എന്ന ബോളിവുഡ് സിനിമയിലെ രാതാം ലംബിയാ ലംബിയാ എന്ന ഗാനത്തിന്റെ റീല്‍ അഞ്ച് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ വന്‍ ട്രെന്‍ഡിംഗായിരുന്ന കച്ചാ ബദാമിനും പുഷ്പയിലെ ഗാനത്തിനുമൊക്കെ ഇവര്‍ ചുവട് വച്ചിരുന്നു. റിപബ്ലിക് ദിനത്തോടുബന്ധിച്ച് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചതും നിമിഷങ്ങള്‍ക്കകം വൈറലായി.

പരമ്പരാഗത ടാന്‍സാനിയന്‍ വേഷത്തിലാണ് സഹോരങ്ങള്‍ വീഡിയോ ചെയ്യാറുള്ളത്. ബോളിവുഡ് സിനിമകളുടെ വലിയ ആരാധകരാണ് ഇരുവരും.

Exit mobile version