കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ആവേശത്തിലാക്കുന്ന കൊട്ടിക്കലാശം ഇത്തവണ ഇല്ലെങ്കിലും മൈക്ക് പ്രചാരണത്തിനും റോഡ് ഷോയ്ക്കും പച്ചക്കൊടി കാണിച്ചതിന്റെ ഉത്സാഹത്തിലാണ് മുന്നണികൾ. ശബ്ദപ്രചാരണത്തിന്റെ അവസാനദിനമായ ഇന്ന് കൊട്ടിക്കലാശമില്ലെങ്കിലും വീറിനും വാശിക്കും ആവേശത്തിനും കുറവു വരുത്താതെ തന്നെയാണ് മുന്നണികൾ നിരത്തിലിറങ്ങുന്നത്. നിയമസഭാതെരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് ഞായറാഴ്ച വൈകീട്ടോടെയാണ് അവസാനം. ഇനി വോട്ടിങ് മെഷീനിൽ വിരൽ പതിയും വരെ നിശ്ശബ്ദപ്രചാരണം നടക്കും.
കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തെരഞ്ഞെടുപ്പുകമ്മിഷൻ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.
പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ചയായിരിക്കും.
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലേക്കും മലപ്പുറം ലോക്സഭയിലേക്കുമാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി.
അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സിപിഎം നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.
അതേസമയം, പ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ചയും കടുത്ത ആരോപണപ്രത്യാരോപണങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലും ആശങ്കയിലുമാണ് അണികൾ.
Discussion about this post