തിരുവനന്തപുരം: എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നതോടെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ സർവ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മാധ്യമങ്ങളുടെ പ്രവചനത്തെ തള്ളിക്കളഞ്ഞത്.
മുൻദിവസങ്ങളിലായി മാതൃഭൂമിയും മീഡിയവണ്ണും ഉൾപ്പടെയുള്ള വിവിധ മാധ്യമങ്ങൾ എൽഡിഎഫിന് അനുകൂലമായി തെരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാ ആരോപണങ്ങൾക്ക് മുമ്പിലും സർക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകർക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിയാത്തത് മൂലം അഭിപ്രായ സർവ്വേയിലൂടെ തകർക്കാമെന്ന് കരുതിയാൽ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമേ പറയാനുള്ളൂവെന്നും ചെന്നിത്തല ആഞ്ഞടിച്ചു.
ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണനയുടെ ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധർമ്മമാണ് ഇത്. ഡൽഹിയിൽ ചെയ്യുന്നത് പോലെയാണ് ഇവിടേയും മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങൾ നൽകിയും വലയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.