തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകി സംസ്ഥാനസർക്കാരിന്റെ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും.
രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായതോടെ വിമ്നത്താവളങ്ങളിൽ അടക്കം നിരീക്ഷണം കർശ്ശനമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയർപോർട്ടിൽ വെച്ച് പരിശോധന നടത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനു സാധ്യതയുള്ളതിനാലാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് വീണ്ടും പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാർക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കിൽ ഇനിമുതൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
അതേസമയം, രാജ്യത്ത് എത്തുന്നവരുടെ കൈയ്യിൽ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിനു പുറമേ 14 ദിവസം ക്വാറന്റൈനും നിർബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് കേരളം പരിശോധന സൗജന്യമാക്കി മാതൃക കാണിച്ചിരിക്കുന്നത്.
Discussion about this post