കോട്ടയം: മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്. ബാര്‍ക്കോഴ കേസിലെ കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോര്‍ജ്ജും ഗൂഢാലോചന നടത്തി. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിയെ സമ്മര്‍ദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയേയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിന് നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അധികാരക്കൊതിയും കേരളാ കോണ്‍ഗ്രസിനോടുള്ള വിരോധവും കാരണം ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ. എം മാണി, സര്‍ക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാര്‍ട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ. എം മാണിയോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്. എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിളള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജേക്കബ് തോമസ്, സുകേശന്‍, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post