തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവിന് കൊവിഡ് സ്ഥിരീകരിച്ചു. 42 വയസ്സുണ്ട്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരെ നിരീക്ഷണത്തിലാക്കി.
ശ്വാസ തടസത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പിസിആര്‍ പരിശോധനയിലും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതെസമയം ഷിജുവിന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ല. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രഥമിക വിവരം. ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ ശ്മശാനത്തില്‍ അടക്കുന്നതിനെ എതിര്‍ത്ത് നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ശവസംസ്കാരം തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് സിസ്റ്റര്‍ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെ സിസ്റ്റര്‍ ക്ലെയര്‍ മരിച്ചു. 73 വയസായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, സിസ്റ്റര്‍ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതേകുറിച്ച് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ച കന്യാസ്ത്രീയുടെ കൊവിഡ് ഫലം പോസിറ്റീവ് ആയതോടെ കുഴുപ്പിള്ളി എസ്ഡി മഠത്തിലെ കന്യാത്രീകള്‍ ഉള്‍പ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
Discussion about this post