ടോക്കണുകൾ എല്ലാം ബാറുകളിലേക്ക്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ നോക്കുകുത്തികളാകുന്നു; ‘ബെവ്ക്യൂ’ ആപ്പിനെതിരെ ബെവ്‌കോ; പേരുമാറ്റണമെന്നും ആവശ്യം

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിനെതിരെ ബിവറേജസ് കോർപ്പറേഷനും രംഗത്ത്. ആപ്പിന്റെ പ്രവർത്തന രീതി ബെവ്‌കോയെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ആപ്പിന്റെ പ്രവർത്തനം തുടർന്നാൽ ഔട്ട്‌ലെറ്റുകൾ പൂട്ടേണ്ടി വരുമെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ ആശങ്ക. ആപ്പിൽ വിൽക്കുന്ന ടോക്കണുകളിൽ ഭൂരിഭാഗവും ബാറുകളിലേക്കാവുന്നു എന്നതാണ് പരാതി.

കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ 49,000 മാത്രമാണ് ബിവറേജസ് ഔട്ട്‌ലെറ്റിനു കിട്ടിയത്. ബെവ്‌കോ ഔട്ട്‌ലറ്റുകളിലെ മദ്യവിൽപന കുത്തനെ കുറഞ്ഞതിനാൽ കോർപ്പറേഷൻ വൻ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോയിലെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപ്പറേഷന് ശനിയാഴ്ച വിൽക്കാനായത് 17 കോടിയുടെ മദ്യമാണ്. സാധാരണ ഞായർ അവധി ദിവസമായതിനാൽ ശനിയാഴ്ച കൂടുതൽ വിൽപ്പന നടക്കേണ്ടതായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചും. ഇതോടെയാണ് ആപ്പിനെതിരെ കോർപ്പറേഷൻ രംഗത്തെത്തിയതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്തുള്ള ഔട്ട്‌ലെറ്റിൽ പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കൺ മാത്രമാണ്. അതേസമയം, സമീപത്തുള്ള ബാറുകളിൽ നീണ്ട നിരയും ഉണ്ടായി. ഇതോടെ ഔട്ട്‌ലറ്റ് മാനേജർമാർ പരാതിയുമായി കോർപ്പറേഷനെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ ബെവ്‌കോ എംഡി സ്പർജൻ കുമാർ ആപ് അധികൃതരോടും സ്റ്റാർട്ട് അപ് മിഷനോടും വിശദീകരണം തേടി.

ഉപഭോക്താവ് റജിസ്റ്റർ ചെയ്യുന്ന പിൻ കോഡ് സെർച്ച് ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കൺ, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ഫെയർകോഡിന്റെ മറുപടി. എന്നാൽ, ആപ്പിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ ആദ്യം ഔട്ട്‌ലെറ്റിൽ ടോക്കൺ നൽകുക, അതിനു ശേഷം ബാറുകൾക്ക് എന്നാണ് ഫെയർ കോഡിനോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്.

Exit mobile version