കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ.
ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചും പകര്‍ച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് ശമ്പളം നിരസിക്കല്‍ ആണെന്നും ഹൈക്കോടതി പറഞ്ഞു.
ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിക്കുന്നത് എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പക്ഷേ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നും ഹര്‍ജി പരിഗണിച്ച് കോടതി പറഞ്ഞു.