ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ജനകീയ കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9വരെ ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാന മന്ത്രിയുടെ ആഹ്വാനം.
ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണ്. ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാര്‍ കൊറോണയെ ധൈര്യപൂര്‍വ്വം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുന്‍കരുതലുകള്‍ പാലിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ അടിയന്തര നടപടി എടുത്ത രാജ്യങ്ങള്‍ക്ക് മാത്രമാണ് രോഗത്തെ നേരിടാനായത്. അലസതയോടെ ആരും വൈറസ് വ്യാപനത്തെ സമീപിക്കരുത്. കൊറോണയ്ക്ക് ഇതുവരെ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൂടി പ്രതിരോധിക്കണമെന്നും മോഡി പറഞ്ഞു. കൊവിഡ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത പൂര്‍ണമായും തെറ്റാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കരുതലോടെയിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post