ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചു. മരടിലെ താമസക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിര്‍മ്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കാം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടിയത്.
ആല്‍ഫയുടെ ഡയറക്ടര്‍ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ജയിന് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് മാലിക്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്സിന്റെ മാനേജിനങ് ഡയറക്ടര്‍ കെവി ജോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് കോടതി നോട്ടീസയച്ചു.
കൂടാതെ മരട് ഫ്ളാറ്റ് കേസില്‍ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയ്ക്ക് സുപ്രീംകോടതി രൂപം നല്കി. ജസ്റ്റീസ് കെ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും ഉടമകള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തമെന്നും കോടതി നിര്‍ദേശിച്ചു.