ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. അടുത്തമാസം 21 ന് അഞ്ച് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.
വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സിറ്റിങ് എംഎല്‍എയായിരുന്ന പികെ അബ്ദുള്‍ റസാഖ് അന്തരിച്ചതോടെയാണ് മഞ്ചേശ്വരം സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഒഴിഞ്ഞു കിടന്ന പാലാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23നാണ് പാലാതെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് വോട്ടെടുപ്പും, വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 നും നടക്കും. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 27നാണ് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കുന്നത്.
Discussion about this post