പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്; വോട്ടെണ്ണല്‍ 27ന്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചു

ഈ മാസം 28 മുതല്‍ അടുത്തമാസം നാലാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പാലാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടെണ്ണല്‍ 27 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഈ മാസം 28 മുതല്‍ അടുത്തമാസം നാലാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചാം തീയതിയും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴിനുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഛത്തീസ്ഗഡ്, ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങള്‍ക്കൊപ്പമാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Exit mobile version