വയനാട്: ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തെ തുടര്‍ന്ന് സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വീടുകളില്‍ വെള്ളം കയറിയും ചെളികെട്ടി നില്ക്കുന്നതുമായ പ്രശ്നങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ നമുക്കൊരുമിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ദുരിത ബാധിതര്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
Discussion about this post