പോര്‍ട്ട് ലൂയിസ് : കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി മൗറീഷ്യസ്. രണ്ട് ഡോസ് വാക്‌സീനുമെടുത്ത സഞ്ചാരികള്‍ക്കായി മൗറീഷ്യസ് അതിര്‍ത്തികള്‍ തുറന്നു.
വിലക്കുകള്‍ നീക്കിയ ശേഷം എത്തിയ സഞ്ചാരികളുടെ ആദ്യ സംഘത്തിന് ഗംഭീര സ്വീകരണമാണ് വിമാനത്താവളത്തിലൊരുക്കിയിരുന്നത്. ഡെപ്യൂട്ടി പ്രധാനമന്ത്രി സ്റ്റീവന്‍ രാംഗൂലം ഉള്‍പ്പടെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സഞ്ചാരികളെ ഏറെ നാളുകള്‍ക്ക് ശേഷം സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൂറിസം മേഖല തുറക്കുന്നതിന് മുമ്പ് രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വാക്‌സീന്‍ നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.
മൗറീഷ്യസില്‍ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ ടൂറിസത്തിലൂടെ വരുമാനമാര്‍ഗ്ഗം കണ്ടെത്തുവരാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 25ശതമാനവും ടൂറിസം മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് മിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. ടിക്കറ്റിനുള്ള ഡിമാന്‍ഡ് കൂടിയ സാഹചര്യത്തില്‍ അധികമായി അന്താരാഷ്ട്ര വിമാനസര്‍വീസുകളും മൗറീഷ്യസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെത്തുന്ന എല്ലാവരും പതിനാല് ദിവസം റിസോര്‍ട്ട് ബബിളില്‍ കഴിയേണ്ടി വരും.