നാളെ ഇവര്‍ എന്നെയും രാജ്യ ദ്രോഹിയായി മുദ്രകുത്തിയേക്കാം: ജാസ്മിന്‍ഷ

ലേഖനം: ജാസ്മിന്‍ഷ നേഴ്‌സിംഗ് സമൂഹം ഐതിഹാസികമായ സമരത്തിന് തയ്യാറെടുക്കുകയാണ്. കൊടിയ ചൂഷണങ്ങള്‍ക്കും പീഡനങ്ങല്‍ക്കും വിധേയമായ നേഴ്‌സിംഗ് സമൂഹം നാല് വര്‍ഷം മുന്‍പ് സ്വാഭാവികമായി സംഘടിക്കപ്പെട്ടത്തിന്റെ രൂപമാണ് യുഎന്‍എ. ഉജ്ജ്വലമായ നിരവധി പോരാട്ടങ്ങളുടെ ഫലമായിരുന്നു ആരോഗ്യ വകുപ്പ് നേഴ്‌സിംഗ് സമൂഹത്തിന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പഠിക്കാന്‍ ഡോ. ബാലരാമന്‍, വീരകുമാര്‍ എന്നിവരെ അദ്ധ്യക്ഷന്‍മാരാക്കി നിയോഗിച്ച രണ്ടു കമ്മീഷനുകള്‍. എന്നാല്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ മുഖവിലക്ക് എടുക്കാതെ നിസ്സഹകരണമാണ് ആരോഗ്യവകുപ്പും മന്ത്രിയും നാളിത് വരെ സ്വീകരിച്ചത്. തുടര്‍ന്ന് യുഎന്‍എയുടെ നേതൃത്വത്തില്‍ നടന്ന എണ്ണമറ്റ പോരാട്ടങ്ങള്‍. സേവനത്തിന്റെ ബ്രാന്റഡ് പ്രതീകങ്ങള്‍ തന്നെ ഞങ്ങളെ ഗുണ്ടകളെ വെച്ച് ആക്രമിച്ചു. പെണ്‍കുട്ടികളെ അടക്കമുള്ളവരെ ക്രൂരമായി തല്ലി ചതച്ചു. ജാമ്യമില്ലാ കേസുകള്‍ കൊണ്ട് തടയിടാന്‍ ശ്രമിച്ചു. എന്നിട്ടും ഞങ്ങള്‍ നിവര്‍ന്നു നിന്നു. മുട്ടിലിഴയാന്‍ വയ്യായിരുന്നു. അത്രമാത്രം പീഡനങ്ങള്‍ ഞങ്ങളും മുന്‍ തലമുറകളും പതിറ്റാണ്ടുകളായി സഹിച്ചിരുന്നു. സമരങ്ങള്‍ തീവ്രമായപ്പോള്‍, കേരളത്തിന്റെ ആരോഗ്യരംഗം സ്തംഭിച്ചപ്പോള്‍ തൊഴില്‍ വകുപ്പ് ഇടപെട്ടു. ബാലരാമന്‍ കമ്മീഷന്‍ പറഞ്ഞത് 13500 രൂപ ശമ്പളത്തിന്റെ അടിസ്ഥാനമാക്കി 25000 രൂപ വരെ തരണം എന്നായിരുന്നു. ഇത് 2013 ല്‍ നടന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ഒത്തുതീര്‍പ്പിന് ക്ഷണിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ 9500 രൂപ അടിസ്ഥാന ശമ്പളം ആയി നിശ്ചയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ന്യായമായ കൂലി വര്‍ധനവ് നടപ്പിലാക്കി തരും എന്ന ഉറപ്പും തൊഴില്‍ വകുപ്പും മന്ത്രിയും നല്‍കി. ഞങ്ങളോട് മൂന്നു വര്‍ഷം ആശുപത്രി മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കരുത് എന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഞങ്ങള്‍ കാത്തിരുന്നു. 2013 ജനുവരി 1 മുതല്‍ ആയിരുന്നു ആദ്യ ഘട്ട ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. 2016 ജനുവരി 1 നു പുതിയ ശമ്പള പരിഷ്‌കരണം ഡോ ബാലരാമന്‍ കമ്മീഷന്‍ പ്രകാരമുള്ളത് നടപ്പിലാക്കണം എന്ന് സര്‍ക്കാരിനോടും തൊഴില്‍ വകുപ്പിനോടും നിരന്തരം ആവശ്യപ്പെട്ടു പോന്നു. ഇവിടെ ഞങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് വിരുദ്ധതയോ കമ്മ്യൂണിസ്റ്റ് ആശയമോ അല്ല. വിശപ്പിന്റെ രാഷ്ട്രീയം ആണ്. ദാരിദ്ര്യം കൊണ്ട്, ലോണുകള്‍ തിരിച്ചടക്കാന്‍ ആവാതെ ആത്മഹത്യയിലേക്ക് പോകുന്ന ആയിരങ്ങളുടെ പ്രയാസങ്ങളുടെ രാഷ്ട്രീയം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നിലവിളികളുടെ രാഷ്ട്രീയം. ഇത് നിങ്ങള്‍ക്ക് നിഷേധിക്കാന്‍ ആവുമോ. കേരളത്തില്‍ കണക്കു പ്രകാരം 15 ലക്ഷത്തിലധികം നേഴ്‌സുമാര്‍ ഉണ്ട്. എവിടെയാണ് അവരൊക്കെ. നിലവില്‍ കേരളത്തിന്റെ ചെറുതും വലുതുമായ 3500 ഓളം ആശുപത്രികളില്‍ ഉള്ളത് മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം നേഴ്‌സുമാരാണ്. എവിടെയാണ് മറ്റുള്ളവര്‍. ജീവിക്കാന്‍ ഒരു വഴി തേടി, ഉറ്റവരെയും ഉടയവരെയും വിട്ടു ആയിരക്കണക്കിന് കാതമകലെ ജോലിക്ക് പോയതാണ്. വീട്ടില്‍ ഒരു വിവാഹത്തിന് ഞങ്ങളില്ല, മരണത്തില്‍ ഞങ്ങളില്ല. ആഘോഷങ്ങളിലും ദുഖങ്ങളിലും പങ്കു ചേരാന്‍ കഴിയാത്ത ആയിരങ്ങളുടെ സങ്കടങ്ങളുടെ കണ്ണീരു ഒരു കടലായി മാറുന്നുണ്ട് വിമര്‍ശകരെ. ആ കണ്ണീരില്‍ നിങ്ങളുടെ വിമര്‍ശങ്ങള്‍ ഒഴുകിപ്പോവുക തന്നെ ചെയ്യും. ഒരു സാധാരണ തൊഴിലാളിക്ക് നാട്ടില്‍ 400 മുതല്‍ 800 രൂപവരെ ദിവസ വേതനം കിട്ടുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്നത് 300 രൂപ. പഠിക്കാന്‍ എടുത്ത ലോണുകള്‍ ഉണ്ട്. അത് തിരിച്ചടക്കാനുള്ള മോറൊറ്റൊറിയം എടുത്തു കളഞ്ഞു. മക്കളുള്ളവര്‍ ഉണ്ട് .അവരെ പഠിപ്പിക്കണ്ടേ. രക്ഷിതാക്കളെ നോക്കണ്ടേ. അരി ഭക്ഷണം കഴിക്കണ്ടേ. എല്ലാത്തിനും വില കൂടി ഞങ്ങളുടെ ശമ്പളം മാത്രം കൂട്ടാന്‍ പറ്റില്ല. ഒരു മിനിറ്റ് വിശ്രമിക്കാതെ സേവനം ചെയ്യുന്നവരാണ് ഞങ്ങള്‍. വിശ്രമിക്കാന്‍ ആഗ്രമില്ലാഞ്ഞിട്ടല്ല. ഒരു മിനുട്ട് ഉറ്റി വീഴുന്ന വിയര്‍പ്പ് തുള്ളികള്‍ തുടക്കാന്‍ ഞങ്ങള്‍ ഇരുന്നാല്‍ അപ്പുറത്ത് വേദന കൊണ്ട് പിടയുന്ന ഒരു രോഗിയുടെ ഹൃദയ വേദന ഉണ്ട്. അത് കാണാന്‍ ഞങ്ങള്‍ക്ക് കഴിവില്ല. അതെ, അത് ഞങ്ങളുടെ പരാജയം ആണെങ്കില്‍ അങ്ങനെ. എന്തുകൊണ്ട് നിങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം ഇരിക്കുന്നു. ആശുപത്രികളില്‍ പണിമുടക്ക് നടത്തിയാല്‍ തന്നെ മാനേജുമെന്റുകള്‍ വഴിക്ക് വരില്ലേ? ഒരു പാട് കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യം ആണിത്. അതെ ഞങ്ങള്‍ക്കറിയാം, സര്‍ക്കാരും ആശുപത്രി മാനേജുമെന്റുകളും സമരം ഒത്തു തീര്‍പ്പാക്കാന്‍ ഓടി വരും. പക്ഷെ പ്രിയപെട്ടവരെ ഞങ്ങളുടെ സമരം നീണ്ടു പോകുമ്പോള്‍ ദുരിതമനുഭവിക്കുന്നത് ലക്ഷോപലക്ഷം രോഗികളാണ്. അവരുടെ സങ്കടങ്ങള്‍, വേദനകള്‍ ഞങ്ങളുടെ കൂടി സങ്കടങ്ങളാണ്, വേദനകളാണ്. അത് കൊണ്ടാണല്ലോ നിങ്ങള്‍ക്ക്, അധികാരികള്‍ക്ക്, മുതലാളിമാര്‍ക്ക് ഞങ്ങളെ ഇത്രയും കാലം ചൂഷണം ചെയ്യാന്‍ പറ്റിയത്. അത് കൊണ്ട് രോഗികളെ പ്രായസപ്പെടുത്താതിരിക്കാന്‍, ഞങ്ങള്‍ ഞങ്ങളുടെ ജീവിതം കൊണ്ട് സമരം ചെയ്യുന്നു. അതി ജീവനത്തിന്റെ സമരം. ആരോഗ്യ വകുപ്പ് എന്നും ഞങ്ങള്‍ക്കെതിരാണ്: ഡോ ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും 3 ഷിഫ്റ്റ് ശുപാര്‍ശ ചെയ്ത വീരകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ ഒരു യോഗം പോലും ഇതുവരെയും നടത്താത്തവരാണ് അവര്‍. ആരോഗ്യമന്ത്രി അധ്യക്ഷന്‍ ആയുള്ള മന്ത്രിസഭാ ഉപസമിതി എവിടെയാണ്. ഒരു യോഗമെങ്കിലും നടത്തിയെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ ആവുമോ. പിന്നെ എവിടെയാണ് നിങ്ങളുടെ ആത്മാര്‍ഥത ഞങ്ങള്‍ കാണേണ്ടത്. ആരോടാണ് നിങ്ങളുടെ ആത്മാര്‍ഥത. ഞങ്ങള്‍ക്കറിയാം അത് ലക്ഷക്കണക്കിന് വരുന്ന നേഴ്‌സിംഗ് സമൂഹത്തോടല്ല, 3500 ഓളം വരുന്ന ആശുപത്രി മാനേജുമെന്റുകളോടാണ്. നേഴ്‌സിംഗ് ചാര്‍ജെന്ന പേരില്‍ ആശുപത്രിലളില്‍ രോഗികളില്‍ നിന്ന് കൊള്ള നടത്തുന്നു. എന്നാല്‍ സേവനം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ദാരിദ്ര്യം മാത്രം മിച്ചം. ആരോഗ്യവകുപ്പിനോട് നിങ്ങള്‍ക്ക് എത്ര കിട്ടി ഇത് നടപ്പിലാക്കാന്‍ എന്ന ചോദ്യം ഞങ്ങള്‍ ഉയര്‍ത്തിയാല്‍ അത് നിഷേധിക്കാന്‍ നിങ്ങള്‍ പാട് പെടേണ്ടി വരും.... വരൂ പ്രിയപ്പെട്ടവരേ പുതിയ ഒരു സമര ചരിത്രം രചിക്കുവാന്‍. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നമ്മള്‍ എത്തുമ്പോള്‍ വിറയ്ക്കുന്ന പലരുമുണ്ട്. അവരുടെ എല്ലാ സ്വാധീനങ്ങളും അവര്‍ ഉപയോഗിക്കുക തന്നെ ചെയ്യും. അനീതിക്കെതിരെ ശബ്ദിക്കുന്നവരെ അവര്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് തീവ്രവാദികളും ദേശ ദ്രോഹികളും ആയി മുദ്ര കുത്തും. എനിക്കറിയാം ഇനി എനിക്കും യുഎന്‍എ ക്കും ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല. ഒരു പക്ഷെ ഭരണകൂടവും സില്‍ബന്തികളും എന്നെയും നിങ്ങളെയും ദേശ ദ്രോഹികളായും മാവോയിസ്റ്റുകളായും തീവ്രവാദികളായും ഭീകരവാദികളായും ഒക്കെ ചിത്രീകരിക്കും. ഞാന്‍ ജയിലറയില്‍ അടക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ എന്റെ ജീവന്‍ അപായപ്പെടുത്താന്‍ ഉള്ള ശ്രമം ഉണ്ടായേക്കാം. എന്നാലും പ്രിയപ്പെട്ടവരേ നിങ്ങള്‍ മുന്നോട്ട് തന്നെ പോകണം. ഈ തൂവെള്ളക്കൊാടി ആകാശത്തില്‍ പാറി കളിക്കണം. അവകാശങ്ങള്‍ നേടിയെടുക്കും വരെ സുഹൃത്തുക്കളെ നമ്മള്‍ മുന്നോട്ട്.... #isupportUNAhungerstrike,#isupportJASMINSHA,#JusticeforNurses

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)