ഇഷ്ടപ്പെട്ട മീന്‍ തന്നെ പാരയായി: ഹോട്ടലില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍

പാലക്കാട്: ഹോട്ടലില്‍നിന്ന് മോഷണം നടത്തുന്നതിനിടെ ഇഷ്ടപ്പെട്ട മീനും അടിച്ചുമാറ്റിയ പ്രതി കുടുങ്ങി. ഹോട്ടലിലെ മുന്‍ പാചകക്കാരന്‍ മങ്കര കണ്ണംപരിയാരം വെള്ളാട്ടുപറമ്പില്‍ മനോജാണ് (32) വാളയാര്‍ പോലീസിന്റെ പിടിയിലായത്. അടുക്കളയില്‍നിന്ന് മീനും ഇറച്ചിയും കവര്‍ന്നിരുന്നു. വട്ടംകണ്ണി എന്ന് പ്രാദേശികമായി പേരുള്ള കടല്‍ മീനാണ് മോഷ്ടിച്ചത്. ഒപ്പം പാഷന്‍ ഫ്രൂട്ട് ജ്യൂസും കവര്‍ന്നു. ഇതുരണ്ടും മനോജിന്റെ ഇഷ്ടവിഭവങ്ങളാണ്. അതിനാല്‍ ഹോട്ടല്‍ ഉടമയ്ക്ക് സംശയം തോന്നിയിരുന്നു. ഇതുപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടപ്പെട്ട ഗ്യാസ് സ്റ്റൗവും സിലിന്‍ഡറും പ്രതിയുടെ അമ്മാവന്റെ വീട്ടില്‍നിന്നും കംപ്യൂട്ടര്‍ തത്തമംഗലത്ത് വില്പനനടത്തിയ സ്ഥലത്തുനിന്നും കണ്ടെടുത്തു. മനോജിനെ കഴിഞ്ഞമാസം ഹോട്ടലില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് പണം ചോദിച്ച് എത്തിയെങ്കിലും നല്‍കിയില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. സെപ്റ്റംബര്‍ നാലിന് മോഷണം നടന്നു എന്നായിരുന്നു പരാതിയെങ്കിലും അഞ്ചിന് രാത്രി 10നാണ് മോഷണം നടന്നത് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. ചുള്ളിമടയ്ക്ക് സമീപമുള്ള കോട്ടയം ഫുഡ്‌സ് എന്ന ഹോട്ടലിലെ ഗ്യാസ് സ്റ്റൗ, സിലിന്‍ഡര്‍, കമ്പ്യൂട്ടര്‍ എന്നിവയാണ് മോഷണം പോയത്. എന്നാല്‍ കമ്പ്യൂട്ടറിനൊപ്പമുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടിട്ടുമില്ല. കസബ സിഐ ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ വാളയാര്‍ എസ്‌ഐയുടെ ചുമതലയുള്ള അസി സബ് ഇന്‍സ്‌പെക്ടര്‍ ജിബി ശ്യാംകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗം ആര്‍ വിനീഷ്, സിപിഒമാരായ അനില്‍കുമാര്‍, വിനോദ്, ജയരാജ്, ഫിറോസ്, ഹോം ഗാര്‍ഡ് നാരായണന്‍കുട്ടി, ഡ്രൈവര്‍ എസ്‌സിപിഒ പ്രിന്‍സ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)