ഇത് രുക്മണി റിയര്‍: ആറാം ക്ലാസ് തോറ്റ ഐഎഎസ് റാങ്ക് ജേത്രി

life, relationships
ചണ്ഡിഗഡ്: യുപിഎഎസ്സി റിസള്‍ട്ട് വന്നതിന് ശേഷം രുക്മണി റിയറിന്റെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ് അതില്‍ നിറയെ. ഡിഗ്രി, പിജി പഠനകാലത്തൊക്കെ ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത് പുതിയൊരു അനുഭവമാണെന്ന് പറയുന്നു രുക്മണി. 'പലസ്ഥലങ്ങളിലും ഉള്ള അപരിചിതരായ ആളുകള്‍ പോലും എന്നെ അഭിനന്ദിച്ച് സന്ദേശം അയക്കുന്നു.' രുക്മണി തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ കഠിനാധ്വാനം ചെയ്തിട്ടും എത്താന്‍ കഴിയാത്ത സിവില്‍ സര്‍വീസ് എന്ന സ്വപ്ന ജോലി രുക്മണി നേടിയത് തന്റെ ആദ്യ ശ്രമത്തില്‍ തന്നെയാണ്. അതും ഒരു കോച്ചിങ്ങും കൂടാതെ രണ്ടാം റാങ്കോടുകൂടിയാണ് രുക്മണിയുടെ നേട്ടം എന്നും അറിയുക. ഇതിന്റെയൊക്കെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ രുക്മണി പറയുന്നത് ഇങ്ങനെ ' നിങ്ങളുടെ പ്രയത്‌നം ആത്മാര്‍ത്ഥവും സ്ഥിരോത്സാഹം ഉള്ളതും ആണെങ്കില്‍ ഒരു കോച്ചിങ്ങും ഇല്ലാതെ ഏത് വിജയവും നിങ്ങള്‍ക്ക് നേടാന്‍ കഴിയും.' മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സില്‍ നിന്ന് സാമൂഹ്യ സംരംഭകത്വം എന്ന വിഷയത്തില്‍ പിജി നേടിയ രുക്മണി സിവില്‍ സര്‍വീസിന് രാഷ്ട്രീയപഠനവും സോഷ്യോളജിയുമാണ് വിഷയം എടുത്തത്. വിജയങ്ങളുടെ കഥകള്‍ മാത്രമല്ല രുക്മണിക്ക് പറയാന്‍ ഉള്ളത്. സെക്രെട് ഹെര്‍ട്‌സ് സ്‌കൂള്‍ ടെല്‍ഹൗസിയില്‍ പഠിക്കുന്ന കാലത്ത് ആറാം ക്ലാസില്‍ തോറ്റിട്ടുണ്ട് നമ്മുടെ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ്. അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ രുക്മണി ചിരിക്കുന്നു. 'ആ പരാജയം എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ആദ്യമൊക്കെ ഞാനൊരുപാട് വിഷമിച്ചു. അവസാനം ഞാന്‍ തീരുമാനം എടുത്തു ഇനി ഒരിക്കലും വിഷമിക്കില്ലെന്നും കഠിനാധ്വാനം ചെയ്ത് പഠിക്കുമെന്നും' തോല്‍വി വിജയത്തിന്റെ ആദ്യ പടിയാണെന്ന് അന്ന് രുക്മണിക്ക് മനസ്സിലായി. അച്ഛന്‍ ബിഎസ് റിയര്‍ വക്കീലാണ്. തന്റെ ഈ നേട്ടം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു എന്‍ജിഓ പ്രവര്‍ത്തക കൂടി ആയ രുക്മണി റിയര്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News