വാട്‌സാപ്പിലെ സ്റ്റാറ്റസില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക, ഇതിന് മാറ്റമെന്നോണം പുതിയ അല്‍ഗോരിതം കൊണ്ട് വന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
ഇന്ത്യ, ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ ആദ്യ ഘട്ട പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിവ് പോലെ ഐ ഫോണ്‍ ഉപയോക്താക്കളിലാകും മാറ്റങ്ങള്‍ ആദ്യം കാണാനാവുക. ഇതിനായി ഐ ഫോണ്‍ ഉപഭോക്താക്കളെ കൂടുതലായും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍- പെട്ടെന്നുള്ള വിവരങ്ങള്‍ എന്നീ സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്‌സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും.
നിലവില്‍ ഫേസ്ബുക്ക്-ഇന്‍സ്റ്റാഗ്രാം പോലുള്ള ആപ്പുകളില്‍ ഈ അല്‍ഗോരിതം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സൈറ്റില്‍ കയറിയാല്‍ ആരൊക്കെ, എത്ര തവണ കണ്ടു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ വാട്‌സാപ്പില്‍ ഇത് വരെ ഈ സംവിധാനം നിലവില്‍ വന്നിട്ടില്ലായിരുന്നു. പുതിയ അല്‍ഗോരിതം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാല്‍ വാട്‌സാപ്പിലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ അല്‍ഗോരിതം വാട്‌സാപ്പ് പോസ്റ്റുകളുടെ റീച്ച് കുറയ്ക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Discussion about this post