ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കാണ് ഗൂഗിള്‍ പ്ലസ്. ഉപഭോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടകയാണെന്ന പ്രഖ്യാപനം വരുന്നത്.
ഗൂഗിള്‍ പ്ലസില്‍ സുരക്ഷാ പ്രശ്‌നങ്ങല്‍ കടന്നുകൂടിയതായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കമ്പനി മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഈ വിവരം പുറത്തുവിട്ടിരുന്നില്ല. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെയാണ് സുരക്ഷാപ്രശ്‌നം ബാധിച്ചത്.
സേവന ഉപേഭാക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടേയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂലം പരസ്യമായത്.
ഫേസ്ബുക്കിന് പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി 2011ലാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സോവനത്ത് സാധിച്ചില്ല. മുന്‍ നിരബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിനെ അവഗണിച്ചതോടെ നെറ്റവര്‍ക്കിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം തന്നെയാണ് ഉപയോക്താക്കളുടെ വിവരം ചോര്‍ന്നെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഇതോടെ ഏഴ് വര്‍ഷത്തിനൊടുവില്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.