ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദം കൂടാതെ കൈക്കലാക്കുന്ന 29 ബ്യൂട്ടിക്യാമറ ആപ്പുകളെ പുറത്താക്കി ഗൂഗിള്‍. അശ്ലീലകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 29 ബ്യൂട്ടിക്യാമറ ആപ്പുകളെയും ഗൂഗിള്‍ പുറത്താക്കിയിരിക്കുന്നത്.
ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ചിലത് പത്ത് ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കുടുതലും ഏഷ്യയില്‍ നിന്നാണ്. പ്രധാനമായും ഇന്ത്യക്കാരാണെന്ന് യുഎസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രെന്റ് മൈക്രോ പറഞ്ഞു.
ആപ്പുകളുടെ പേരോ എത് ആപ്പ് ആണെന്നോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കിയെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വ്യക്തിക്ക് പെട്ടെന്നൊന്നും ചതി മനസിലാവണമെന്നില്ല. ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുന്നത് വരെയും അത് മനസിലാക്കണമെന്നില്ലെന്നും ട്രെന്റ മൈക്രോ പറഞ്ഞു. ഈ ആപ്ലിക്കേഷനിലുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്താലും ഉപയോക്താവിന്റെ ഫോണിലേക്ക് കൃത്രിമമായതും പോര്‍ണോഗ്രാഫിക്ക് ഉള്ളടക്കങ്ങള്‍ അടങ്ങിയതുമായ ഫുള്‍സ്‌കീന്‍ പരസ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
ആപ്ലിക്കേഷനുകളില്‍ ചിലത് ഹാക്കിങ് വെബ്‌സൈറ്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറുകളും അടക്കം ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഇത് ഹാക്ക് ചെയ്‌തെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് പതിമൂന്നോളം ഗെയിം ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കിയത്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകനായ ലുകാസ് സ്റ്റെഫാങ്കോയാണ് ആപ്ലിക്കേഷനുകളില്‍ മാല്‍വെയറുകളുണ്ടെന്ന വിവരം പുറത്തുവിട്ടത്. ലൂക്കസ് സ്റ്റെഫന്‍കോ ട്വിറ്റര്‍ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്.
ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന്റെ ട്രെന്റിംഗ് ലിസ്റ്റിലുണ്ട്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകള്‍ പലപ്പോഴും തകരുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലൂയിസ് ഓ പിന്റോ എന്നയാളാണ് ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ്. ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നാല്‍ ഗെയിം സെന്റര്‍ എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
Discussion about this post