വിവാദങ്ങള്‍ വലച്ചെങ്കിലും വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഫേസ്ബുക്ക്

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

വിവാദങ്ങള്‍ പൊല്ലാപ്പുണ്ടാക്കിയെങ്കിലും വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫേസ്ബുക്ക്. 169000 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 69,000 കോടി രൂപ ലാഭമായി മാത്രം ലഭിച്ചെന്ന് കമ്പനി തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

അതേസമയം പോയ വര്‍ഷത്തില്‍ വിവാദങ്ങളുടെ പേരില്‍ പഴികേട്ടെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെ പല തവണ വിവരമോഷണ ആരോപണം ഫേസ്ബുക്കിനെ ഉലച്ചത്. ഇതെല്ലാം മറികടന്നാണ് കമ്പനി ഇപ്പോള്‍ ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ വ്യാജന്മാനെ ഫേസ്ബുക്കില്‍ നിന്ന് തുരത്താന്‍ തന്നെയാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വ്യജ ഗ്രൂപ്പുകളും പേജുകളും നിര്‍ത്താനുള്ള പണികള്‍ ഫേസ്ബുക്ക് ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍ പോലും വ്യാജമാണെങ്കില്‍ പൂട്ടിക്കെട്ടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. നയവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണെങ്കില്‍ മറ്റ് നടപടികളായിരിക്കും സ്വീകരിക്കുക. ഇതിനെക്കുറിച്ച് ഫേസ്ബുക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്.

വിദ്വേഷ പ്രസംഗം, അക്രമാസക്തമായ ഗ്രാഫിക്‌സ്, അപമാനിക്കലും കബളിപ്പിക്കലും, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍, നഗ്‌നത, ലൈംഗിക ചേഷ്ടകള്‍, ഫേസ്ബുക്കില്‍ അനുവദനീയമല്ലാത്ത പരിപാടികളേയും വ്യക്തികളേയും അനുകൂലിച്ചും പ്രകീര്‍ത്തിച്ചുമുള്ള പോസ്റ്റുകള്‍ എന്നിവ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പകുതിയും വ്യാജമാണെന്ന റിപ്പോര്‍ട്ടും ഫേസ്ബുക്ക് തള്ളി. സോഷ്യല്‍ മീഡിയ ഭീമന്റേതായുള്ള അക്കൗണ്ടുകളില്‍ ഒരു ബില്യണോളം വ്യാജമാണെന്നാണ് ഫേസ്ബുക്ക് സിഇഒ സക്കര്‍ബര്‍ഗിന്റെ ഹൊവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സഹചാരിയായിരുന്ന ആരോണ്‍ ഗ്രീന്‍സ്പാന്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണിതെന്ന് പറഞ്ഞ ഫേസ്ബുക്ക്, റിപ്പോര്‍ട്ട് കള്ളമാണെന്നും പറഞ്ഞു.

Exit mobile version