വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, വെള്ളം കയറില്ല; പുതിയ സ്മാര്‍ട്ട് ഫോണുമായി മെയ്‌സു

ഫോണ്‍ ദ്വാരങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണമായും വെള്ളം അകത്ത് കയറാത്ത വിധമാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്

സ്പീക്കറുകളും, ബട്ടനുകളും, ചാര്‍ജര്‍ പോര്‍ട്ടും, സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത സ്മാര്‍ട്ട്ഫോണുമായ് ചൈനീസ് കമ്പനിയായ മെയ്സു രംഗത്ത്. മെയ്സു സീറോ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ദ്വാരങ്ങളെല്ലാം ഒഴിവാക്കി പൂര്‍ണമായും വെള്ളം അകത്ത് കയറാത്ത വിധമാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

എന്നാല്‍ ഒഴിവാക്കിയതിനെല്ലാം പകരമുള്ള സംവിധാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് മെയ്സു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് പുറകിലായി നല്‍കിയിട്ടുണ്ട്. അത് ഫോണിന്റെ ഗ്ലാസിനടിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വേണ്ടി ഫോണിന്റെ പിന്‍ഭാഗത്ത് പ്രത്യേക ദ്വാരം ഉണ്ടാക്കിയിട്ടില്ല.

വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനമാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്. വോളിയം പവര്‍ ബട്ടനുകളുടെ സ്ഥാനത്ത് കപ്പാസിറ്റീവ് ടച്ച് സെന്‍സറുകളും കൂടാതെ സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള ഇസിം സംവിധാനവുമാണ് വര്‍ക്ക് ചെയ്യുക. 5.99 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണ് മെയ്സു സീറോയ്ക്കുള്ളത്.

സോണിയുടെ ബ്രാവിയ ഓഎല്‍ഇഡി ടിവിയില്‍ ശബ്ദം പുറപ്പെടുവിക്കുന്ന അക്വാസ്റ്റിക് സര്‍ഫെയ്സ് സ്‌ക്രീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ഫോണിന്റെ വില എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല, ‘എം സൗണ്ട് 2.0 ഇന്‍ സ്‌ക്രീന്‍ സൗണ്ട് ടെക്നോളജി’ എന്ന സംവിധാനമാണ് സ്പീക്കറിന് പകരം ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തികച്ചും ‘വാട്ടര്‍ റെസിസ്റ്റന്റ്’ രീതിയിലാണ് ഈ പുതിയ സ്മാര്‍ട്ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്.

Exit mobile version