വാഷിങ്ടണ്‍: ജീവന് ഭീഷണിയാകുന്നതും അപകടം നിറഞ്ഞതുമായ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളും നിരോധിക്കാനൊരുങ്ങി യൂട്യൂബ്.
യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച് വീഡിയോയില്‍ കാണുന്നത് പോലെ ആളുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കി.
പ്രധാനമായും കുട്ടികളെ ഇത്തരം വീഡിയോകള്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കുട്ടികളെ മാനസികമായി തളര്‍ത്തുന്നതും, ഭയപ്പെടുത്തുന്നതുമായ വീഡിയോകള്‍ക്കാണ് യൂട്യൂബ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കടുത്ത നയങ്ങളുമായി മുന്നോട്ട് പോകാനുദ്ദേശിക്കുന്ന യൂട്യൂബില്‍ അപകടകരമായ പലവീഡിയോയും ലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. ഈ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും യൂട്യൂബ് പറയുന്നു. എന്നാല്‍ ഈ ശ്രമങ്ങളൊക്കെയും പരാജയമാണെന്ന വിമര്‍ശനവും യൂട്യൂബിനെതിരെ ഉയരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും സ്വീകാര്യത ലഭിക്കുകയും ചെയ്ത ഒട്ടേറെ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. കികി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുക, പോലുള്ള ചലഞ്ചുകള്‍ അതില്‍ ചിലത് മാത്രം. അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന പ്രവൃത്തികള്‍ ചിത്രീകരിക്കുന്ന വീഡിയോകളാണ് യൂട്യൂബ് പിന്‍വലിക്കുക.
Discussion about this post