ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകളും ഇനി അയയ്ക്കാം. അത്തരത്തില്‍ പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വാട്‌സാപ്പ്. ഇന്റര്‍നെറ്റ് ഇല്ലാതെ എളുപ്പത്തില്‍ ഡാറ്റ പങ്കിടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വാട്‌സാപ്പ് എന്നാണ് റിപ്പോര്‍ട്ട്.
വാട്‌സാപ്പ് ഇതുവരെ ഈ ഫീച്ചറിനെ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയോ ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഇത് ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പ്രവര്‍ത്തിക്കുന്ന നിലയിലാണ് ഈ ഫീച്ചര്‍ തയ്യാറാകുന്നത്. ഉപഭോക്താക്കള്‍ ഫോണിലെ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി ഷെയര്‍ ഇറ്റ് പോലുള്ള ആപ്പുകള്‍ക്ക് സമാനമായ നിലയില്‍ ഓഫ്ലൈനില്‍ ഫയലുകള്‍ പങ്കിടുന്ന രീതിയാണ് പുതിയ ഫീച്ചറിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും ഫയലുകള്‍ പങ്കിടുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കാന്‍ അപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന, ആന്‍ഡ്രോയിഡുകളില്‍ പൊതുവായുള്ള സിസ്റ്റം പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയാവും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
സമീപത്തുള്ള ഉപകരണങ്ങള്‍ തിരിച്ചറിയുന്നതിനു പുറമേ, സിസ്റ്റം ഫയലുകളും ഫോണിന്റെ ഫോട്ടോ ഗാലറിയും ആക്‌സസ് ചെയ്യാന്‍ വാട്ട്സാപ്പിന് അനുമതി നല്‍കേണ്ടതുണ്ട്. ഷെയര്‍ ചെയ്യപ്പേടേണ്ട ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് നിര്‍ണ്ണയിക്കാന്‍, ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ കൈമാറ്റ സംവിധാനം വളരെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.
ഡാറ്റ പങ്കിടല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളുടെയും ഡാറ്റ സുരക്ഷിതമായി തുടരുന്നുവെന്നും അവയില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും ഉറപ്പാക്കാന്‍ പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുവെന്നും ഈ ഫീച്ചര്‍ ഉറപ്പാക്കുന്നു. നിലവില്‍ വാട്‌സാപ്പിന്റെ ഉപയോക്താക്കള്‍ നിത്യേന നിരവധി തവണ വിവിധ മീഡിയ ഫയലുകളും ഡോക്യുമെന്റുകളും പങ്കിടുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post