സിലിക്കണ്‍വാലി: ഫിംഗര്‍ പ്രിന്റ് ലോക്കുമായി വാട്‌സാപ്പ് വരുന്നു. ഉപഭോക്താക്കളുടെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്‌സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മൊബൈല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്ക് തന്നെയാകും വാട്‌സാപ്പിലും ഉപയോഗിക്കുന്നത്.
നേരത്തെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്‌സാപ്പ് പുറത്തുവിട്ടത്. ആന്‍ഡ്രോയിഡിന്റെ 2.19.3 ബീറ്റാ വേര്‍ഷനില്‍ ലഭ്യമാകുന്ന ഫിംഗര്‍ ലോക്ക്, വൈകാതെ തന്നെ മറ്റു ഫോണുകളിലും ലഭ്യമാകുന്നതായിരിക്കും. നേരത്തെ, ഐഒഎസ് ഫോണുകളിലെ ആപ്പിന്റെ സുരക്ഷക്കായി ഫെയ്‌സ് ഐഡി, ടച്ച് ഐഡി സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചിരുന്നു.