ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 102.5 കോടി കവിഞ്ഞു; കൂടുതല്‍ വരിക്കാര്‍ വോഡഫോണിന്

രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്

കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ വരിക്കാരുടെ എണ്ണം 102.56 കോടി കവിഞ്ഞതായി കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

ആകെ 42.11 കോടി വരിക്കാരുമായി വോഡഫോണ്‍ ഐഡിയയാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള കമ്പനി. വോഡഫോണിന് 21.6 കോടിയും ഐഡിയയ്ക്ക് 20.51 കോടിയും വരിക്കാരാണുള്ളത്. 31.48 കോടി വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാമത്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് 26.28 കോടി വരിക്കാരുണ്ട്.

രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ചു സുപ്രധാന വര്‍ഷമാണ് കടന്നുപോയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച കോയ് ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു. 5ജി അടക്കമുള്ള സാങ്കേതികവിദ്യകളിലേക്കു മാറാനുള്ള വാണിജ്യപരമായ അടിത്തറയിടാന്‍ ടെലികോം സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു.

എല്ലാ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണെന്നും ഇതിനകം 10.4 ലക്ഷം കോടി രൂപ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ക്കായി ചെലവിട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version