ഓഗസ്റ്റ് മാസത്തില്‍ വാട്‌സ്ആപ്പ് ഇന്ത്യയില്‍ 74 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്..
2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്ലൈനുകളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) നിയമം അനുസരിച്ചായിരുന്നു ഈ നടപടി. പ്ലാറ്റ്‌ഫോം തന്നെയാണ് ഈ കണക്ക് വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഓഗസ്റ്റ് 1 നും 31 നും ഇടയില്‍ 7,420,748 ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചതായി ആണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ മെറ്റയുടെ അവനുവാദം കൂടാതെ വാട്‌സ്ആപ്പ് നേരിട്ട് നിരോധിച്ചത്. 3,506,905 ഇന്ത്യന്‍ അക്കൗണ്ടുകള്‍ ആണ്. ഇതില്‍ ഭൂരിഭാഗം അക്കൗണ്ടുകളും വാട്‌സ്ആപ്പിന്റെ നിയമം ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവയായിരുന്നു. പുതിയ നടപടി വാട്‌സ്ആപ്പിന്റെ സുരക്ഷയും സമഗ്രതയും വര്‍ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് വാട്‌സ്ആപ്പിന് ഈ മാസം 14,767 പരാതികളാണ് ലഭിച്ചത്. ഇതില്‍ 17 അക്കൗണ്ടുകള്‍ക്കെതിരെ പ്ലാറ്റ്‌ഫോം നടപടിയെടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് എന്ന കാര്യവും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ മറ്റുള്ളവര്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയായിരിക്കും വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിന് വാട്‌സ്ആപ്പില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്ന് വിഭാഗങ്ങളിലായി പഠനം നടത്തിയാണ് ഇത്തരം സ്പാം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് കണ്ടെത്തുന്നത്. രജിസ്‌ട്രേഷന്‍, സന്ദേശമയയ്ക്കല്‍, ഉപയോക്തൃ റിപ്പോര്‍ട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തില്‍ സ്വീകരിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. വാട്‌സ്ആപ്പിന്റെ ടീമും സിസ്റ്റവും ഇത്തരം അക്കൗണ്ടുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. ഒരു ഘട്ടം എത്തുമ്പോള്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് നേരെ നടപടി സ്വീകരിക്കുന്നതാണ്. പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഈ നടപടി സഹായിക്കുന്നു.
വിവിധ സമ്മാന വാഗ്ദാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി പ്രവര്‍ത്തിക്കുന്ന നിരവധി വാട്‌സ്ആപ്പ് ആക്കൗണ്ടുകളും ഇപ്പോള്‍ നിരവധി ഉണ്ട്. ഇതില്‍ ഭൂരിഭാഗം ആക്കൗണ്ടുകളുടെയും ലക്ഷ്യം ഡാറ്റ മോഷണം ആണ്. മറ്റ് ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യുമ്‌ബോള്‍ ഇത് ഗിവ് എവെ കണ്ടസ്റ്റന്റ് ആണെന്നും മികച്ച സമ്മാനങ്ങള്‍ ലഭിക്കും എന്ന് വാഗ്ദാനം ചെയ്ത് ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ ഇവര്‍ മോഷ്ടിച്ചെടുക്കുന്നു.
ആയതിനാല്‍ ഇത്തരം അക്കൗണ്ടുകളോടും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചില പ്രത്യേക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആക്കൗണ്ടുകളെയും ഉപഭോക്താക്കള്‍ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തില്‍ പ്രത്യേകം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ അടക്കം തട്ടിപ്പുകാര്‍ സ്വന്തമാക്കുന്നതാണ്.
ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുക. വാട്‌സ്ആപ്പില്‍ നടക്കുന്ന മറ്റൊരു തരം തട്ടിപ്പാണ് അജ്ഞാത വിദേശ നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍. ഇത്തരം കോളുകളോട് പ്രതികരിക്കാതെയിരിക്കുന്നതാണ് നല്ലത് എന്ന് വാട്‌സ്ആപ്പ് ഓര്‍മ്മപ്പെടുത്തുന്നു.
ഇത്തരം കോളുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു തരം തട്ടിപ്പുകളാണ് ലിങ്കുകള്‍ അയച്ചുള്ള തട്ടിപ്പുകള്‍. അജ്ഞാതര്‍ അയയ്ക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക. മാത്രമല്ല മുകളില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കള്‍ മറക്കരുത്.
Discussion about this post