ടെക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 15 ഇന്ത്യയിലെത്തി. ഐ ഫോണ്‍ 15 സ്വന്തമാക്കാന്‍ വന്‍ തിരക്കാണ്. പുത്തന്‍ മോഡല്‍ സ്വന്തമാക്കാന്‍ പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ആപ്പിള്‍ സ്റ്റോറുകളില്‍ വന്‍ തിരക്കായിരുന്നു. ഡല്‍ഹി സാകേതിലെയും മുംബൈ ബികെസിയിലെയും ആപ്പിള്‍ സ്റ്റോറുകളിലേക്ക് രാത്രി തന്നെ ആളുകളുടെ ഒഴുക്കായിരുന്നു.
ഐ ഫോണ്‍ ഫിഫ്റ്റീന് പുറമേ ഫിഫ്റ്റീന്‍ പ്ലസ്, ഫിഫ്റ്റീന്‍ പ്രോ, ഫിഫ്റ്റീന്‍ പ്രോ മാക്‌സ് എന്നി ശ്രേണികളാണ് ലഭ്യമാകുക. ആപ്പിള്‍ ഇറക്കിയതില്‍ വച്ച് ഏറ്റവും മികച്ച ഒപ്റ്റിക്കല്‍ സൂം ക്യാമറ, ടൈറ്റാനിയം അലോയ് ബോഡി, എ17 പ്രോ ചിപ്പ്, ആദ്യമായി അവതരിപ്പിക്കുന്ന സി പോര്‍ട്ട് ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് പ്രത്യേകതകള്‍. 79,900 രൂപ മുതല്‍ 1,99,900 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഐ ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. എങ്കിലും സ്റ്റോറുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്കുള്ള ഡെലിവറിയും ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ആദ്യമായാണ് ഐഫോണ്‍ അതിന്റെ ആഗോള റിലീസിനോട് അനുബന്ധിച്ച് തന്നെ ഇന്ത്യയിലും ലഭ്യത ഉറപ്പാക്കുന്നത്.
ആപ്പിള്‍ ഇന്ത്യ നിലവില്‍ ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നീ സീരീസുകള്‍ക്ക് 6000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് 5000 രൂപവരെയാണ് കിഴിവ്.
ഉപഭോക്താക്കള്‍ക്ക് ഇഎംഐ പ്ലാനുകളും ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളില്‍ നിന്ന് മൂന്ന് അല്ലെങ്കില്‍ 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് നിലവിലെ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഐഫോണ്‍ വാങ്ങുമ്പോള്‍ കൂടുതല്‍ കിഴിവ് നല്‍കുന്ന ഒരു ട്രേഡ്-ഇന്‍ സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.