റിയല്‍മി നാര്‍സോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്. റിയല്‍മി നാര്‍സോ 60എക്സ് (Realme Narzo 60x) കമ്പനി പുറത്തിറക്കി. ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നീ ഫോണുകളുടെ നിരയിലേക്കാണ് റിയല്‍മി നാര്‍സോ 60എക്സ് എത്തുന്നത്.
റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപ വിലയുണ്ട്.
നെബുല പര്‍പ്പിള്‍, സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. റിയല്‍മി വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. സെപ്റ്റംബര്‍ 12ന് ഈ ഫോണിന്റെ ആദ്യ വില്‍പ്പനയും നടക്കും.
റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണില്‍ 6.72-ഇഞ്ച് ഫുള്‍-എച്ച്ഡി+ (2400 x 1080 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ LPDDR4X റാമുമായി വരുന്ന സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6100+ എസ്ഒസിയാണ്. ഫോണിലെ ഉപയോഗിക്കാത്ത സ്റ്റോറേജ് 12 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. 128 ജിബി വരെ UFS 2.1 ഇന്‍ബില്‍റ്റ് സ്റ്റോറേജും ഫോണിലുണ്ട്.
റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും പോര്‍ട്രെയിറ്റ് ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഈ ഡിവൈസിലുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെന്‍സറാണ് ഈ ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുള്ളത്.
ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ടുള്ള നാര്‍സോ 60എക്സ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 13 ബേസ്ഡ് റിയല്‍മി യുഐ 4.0ല്‍ പ്രവര്‍ത്തിക്കുന്നു. 33W വയേഡ് സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ് റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണിലുള്ളത്. സുരക്ഷയ്ക്കായി, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ വരുന്നത്. 5ജി, 4ജി, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി 2.0 പോര്‍ട്ട് കണക്റ്റിവിറ്റി എന്നിവയും റിയല്‍മി നാര്‍സോ 60എക്സ് ഫോണിലുണ്ട്. 190 ഗ്രാം ഭാരമാണ് ഈ നാര്‍സോ ഫോണിനുള്ളത്.