കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ടിം കുക്കിന്റെ കത്ത് പുറത്തു വന്നതോടെ ഈ നഷ്ടത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തു.
മൂന്ന് മാസം മുമ്പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയ ശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണിപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ചൈനീസ് വിപണികളില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പ്രധാന കാരണം. ഐഫോണിലെ ബാറ്ററി പ്രശ്നങ്ങളും ആപ്പിളിന് തലവേദനയായിട്ടുണ്ട്.
ചൈനീസ് വിപണിയിലേറ്റ തിരിച്ചടിയാണ് ആപ്പിളിനെ ബാധിച്ചതെന്ന് നിക്ഷേപകര്‍ക്ക് ടിം കുക്ക് അയച്ച കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഐഫോണുകള്‍ക്ക് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്.
ചൈനയ്ക്കു നേരെയുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിലുള്ള ആശങ്കയും കുക്ക് പങ്കുവെക്കുന്നുണ്ട്. ഈ കത്ത് പുറത്തുവന്നതോടെ നിക്ഷേപകര്‍ വെപ്രാളപ്പെട്ട് ഓഹരികള്‍ വിറ്റതോടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയായിരുന്നു. ആപ്പിള്‍ ഓഹരികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എട്ടു ശതമാനമാണ് ഇടിഞ്ഞത്.