ഫോട്ടോഷെയറിംങ് സൈറ്റായ സ്നാപ്ചാറ്റിന്റെ മേധാവി ഇവാന്‍ സ്പീഗല്‍ ഏഴുവയസുകാരനായ മകന് ആഴ്ച്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാറെന്ന് വെളിപ്പെടുത്തല്‍. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മകന്റെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് സ്പീഗല്‍ പറഞ്ഞത്.
ഇവാന്‍ സ്പീഗല്‍ കുട്ടിയായിരിക്കുമ്പോള്‍ ടി.വി കാണുന്നതിന് അദ്ദേഹത്തിനും മാതാപിതാക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സ്പീഗല്‍ കൗമാരക്കാരനാകുംവരെ ഈ ടി.വി നിയന്ത്രണം ഉണ്ടായിരുന്നു. ടി.വി കാണുന്നതിന് നിയന്ത്രണമുള്ളതിനാല്‍ സ്വതസിദ്ധമായ കളികളിലും വായനയിലുമൊക്കെ മുഴുകിയാണ് സമയം കളഞ്ഞിരുന്നത്. ഇത് സര്‍ഗ്ഗാത്മകശേഷിയെ വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുള്ളതിനാലാണ് സ്പീഗലും ഭാര്യ മിരാന്റ കൈറും സ്വന്തം കുഞ്ഞിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സ്മാര്‍ട്ട്ഫോണുകളില്‍ ചിലവഴിക്കുന്ന സമയം കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്നാണ് സ്പീഗല്‍ പറഞ്ഞത്. സ്നാപ് ചാറ്റില്‍ പോസിറ്റീവായ വീഡിയോകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നും സ്പീഗല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 18 കോടി സജീവ ഉപയോക്താക്കളുള്ള സൈറ്റാണ് സ്നാപ് ചാറ്റ്.
സിലിക്കണ്‍വാലിയിലെ പല പ്രമുഖരും സ്വന്തം മക്കള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍, ഗെയിം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയിരുന്ന ബില്‍ഗേറ്റ്സ് തന്റെ മകളെ വീഡിയോ ഗെയിം കളിക്കാന്‍ അനുമതി നല്‍കിയത് 14വയസായതിന് ശേഷമായിരുന്നു.
ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്സിനോട് ആദ്യ ഐപാഡ് പുറത്തിറക്കിയ വേളയില്‍ നിങ്ങളുടെ മക്കള്‍ക്ക് ഇത് ഇഷ്ടമായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവരത് ഉപയോഗിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടെന്നായിരുന്നു സ്റ്റീഫ് ജോബ്സിന്റെ മറുപടി.
Discussion about this post