ബ്രസല്‍സ് : ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കുമടക്കം ഒരേ ചാര്‍ജര്‍ മതിയെന്ന തീരുമാനവുമായി യൂറോപ്യന്‍ യൂണിയന്‍. തീരുമാനത്തിന് ഏറെ പാരിസ്ഥിതിക നേട്ടമുണ്ടെന്നും ഉപഭോക്താവിന് 25 കോടി യൂറോയുടെ വാര്‍ഷിക സമ്പാദ്യം നേടാനാവുമെന്നും യൂണിയന്‍ പ്രതിനിധി അറിയിച്ചു.
സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ് ലെറ്റുകള്‍, ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍ പോലുള്ള ഉപകരണങ്ങളിലെല്ലാം യുഎസ്ബി-സി പോര്‍ട്ട് മതിയെന്നാണ് പുതിയ നിര്‍ദേശം. ചാര്‍ജറുകള്‍ ഉപകരണങ്ങള്‍ക്കൊപ്പമല്ലാതെ പ്രത്യേകമായി വില്‍ക്കാം.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നീക്കമാണിത്. ആപ്പിളിനെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നൂതന ആശയങ്ങളെ ഇത് പിന്തുണയ്ക്കില്ലെന്നും ഈ നീക്കം യൂറോപ്യന്‍ ജനതയ്ക്കും ലോകത്താകമാനമുള്ള ഉപഭോക്താക്കള്‍ക്കും ദോഷം ചെയ്യുമെന്നാണ് ആപ്പിളിന്റെ മറുപടി. ഏകീകൃത ചാര്‍ജറില്‍ തീരുമാനമായാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് നടപ്പില്‍ വരുത്തണമെന്ന നിര്‍ദേശത്തിലും ആപ്പിള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ യൂറോപ്യന്‍ കമ്മിഷന്‍ ഇന്‍ഡസ്ട്രി ചീഫ് തിയറി ബ്രെട്ടന്‍ ആപ്പിളിന്റെ വാദങ്ങളെ നിഷേധിച്ചു. തനിക്ക് ഈ കമ്പനികളെ വര്‍ഷങ്ങളായി അറിയാവുന്നതാണെന്നും ഓരോ തവണ ഓരോ നിര്‍ദേശം വയ്ക്കുമ്പോഴും അത് മാറ്റത്തിന് എതിരാണെന്ന് അവര്‍ പറഞ്ഞു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്‍ എപ്പോഴും പെരുമാറുന്നത് പോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇതും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളുടെ നിരന്തര പരാതികളിലൊന്നാണ് വ്യത്യസ്ത ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകള്‍. ആപ്പിള്‍ ഫോണുകളില്‍ ലൈറ്റ്‌നിങ് കേബിളാണ് ചാര്‍ജറിനുള്ളത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ യുഎസ്ബിസി ടൈപ്പും. നിര്‍ദേശം യൂണിയന്‍ അംഗീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകീകൃത ചാര്‍ജിങ് പോര്‍ട്ടുകള്‍ കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും.
Discussion about this post