ചില സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ സൗദി അറേബ്യയില്‍ നിന്നും ചൈനയില്‍ നിന്നും അസാധാരണ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടതായി ട്വിറ്റര്‍ വെളിപ്പെടുത്തി. ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകളുടെ കണ്ട്രി കോഡ് കണ്ടെത്താനും അക്കൗണ്ടുകള്‍ ട്വിറ്റര്‍ ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനും ശ്രമിച്ചിട്ടുണ്ടാകാന് സാധ്യതയുണ്ടെന്നാണ് ട്വിറ്റര്‍ പറയുന്നത്.
പരാതികള്‍ നല്‍കുന്നതിനായി ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന സപ്പോര്‍ട്ട് ഫോമിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നവംബറിലാണ് സപ്പോര്‍ട്ട് ഫോമില്‍ തകരാര്‍ കണ്ടെത്തിയത്. പിന്നീട് തകരാര്‍ പരിഹരിച്ചുവെങ്കിലും , തകരാറിലായിരുന്ന സമയത്ത് അസാധരണ പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെന്നാണ് ട്വിറ്റര്‍ സംശയം പ്രകടിപ്പിക്കുന്നത്.
സപ്പോര്‍ട്ട് ഫോം ഉപയോഗിച്ച് ചൈന, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള ചില അക്കൗണ്ടുകളില്‍ നിന്നും തുടര്‍ച്ചയായി സന്ദേശങ്ങള്‍ ലഭിച്ചു. ആ സന്ദേശങ്ങളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ചില ഐപി അഡ്രസുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണയുള്ളവരുടേതാവാമെന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍ ഈ തകരാറിലൂടെ ഉപഭോക്താക്കളുടെ മുഴുവന്‍ ഫോണ്‍ നമ്പറുകളോ മറ്റ് സ്വകാര്യവിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
Discussion about this post