അബുജ : രാജ്യത്ത് വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ട്വിറ്റര്‍ നിരോധിച്ചിട്ടും നിരവധി പേര്‍ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഉത്തരവ്.
പ്രസിഡന്റ് മുഹമ്മദ് ബിഹാരിയുടെ നൈജീരിയന്‍ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട ട്വീറ്റ്, കമ്പനിയുടെ നിയമങ്ങള്‍ പാലിച്ചില്ല എന്നതിനെത്തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ട്വിറ്റര്‍ രാജ്യത്ത് നിരോധിച്ചത്.ട്വീറ്റ് നീക്കം ചെയ്ത നടപടി നിരാശാജനകമാണെന്നും എന്നാല്‍ ഇത് മാത്രമല്ല നിരോധനത്തിന് കാരണമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.
ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലൂടെ തെറ്റായ വാര്‍ത്തകള്‍ രാജ്യത്ത് പ്രചരിക്കുന്നുണ്ടെന്നും ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.നടപടി ഏറെ ആശങ്കാജനകമാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്യത്തിന് വിലക്കെന്ന് ചൂണ്ടിക്കാട്ടി നിരവധി ആക്ടിവിസ്റ്റുകളും രംഗത്തെത്തി.