ന്യൂഡല്‍ഹി : ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച മുപ്പത്തിയൊമ്പത്കാരന് ഫേസ്ബുക്കിന്റെ യുഎസ് ഓഫീസിന്റെ ഇടപെടല്‍ രക്ഷയായി.ഫേസ്ബുക്കിന്റെ സന്ദേശത്തെത്തുടര്ന്നെത്തിയ ഡല്‍ഹി പോലീസാണ് തക്കസമയത്തെത്തി യുവാവിന്റെ ജീവന് രക്ഷിച്ചത്.
ഡല്‍ഹിയിലെ പാലം സ്വദേശിയായ യുവാവ് മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് കുട്ടികളുള്ള ഇയാള്‍ 2016ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നിരുന്നു. ബേക്കറി ജീവനക്കാരനായ യുവാവ് കഴിഞ്ഞ ദിവസം അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും അത് ഫേസ്ബുക്കിലൂടെ ലൈവായി കാണിക്കുകയും ചെയ്തു.
ഇതോടെ രാത്രി 12.50ന് ഡല്‍ഹി പോലീസിന്റെ സൈബര്‍ പ്രിവെന്‍ഷന്‍ അവേര്‍നെസ്സ് ഡിറ്റക്ഷന്‍ (സൈപാഡ്) സെല്ലിന് ഫേസ്ബുക്കിന്റെ യുഎസ് ഓഫീസില്‍ നിന്നും സന്ദേശമെത്തുകയായിരുന്നു. യുവാവ് ഫേസ്ബുക്കിലൂടെ ആത്മഹത്യാശ്രമം നടത്തുന്നത് കാണിക്കുന്ന ലൈവ് വീഡിയോയും യുവാവിന്റെ ഫേസ്ബുക്ക് അഡ്രസ്സും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു.
സന്ദേശം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ പാലം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയുമായിരുന്നു. പോലീസെത്തുമ്പോള്‍ കൈമുറിഞ്ഞ് രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു യുവാവ്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ എയിംസില്‍ ചികിത്സയിലാണ് യുവാവ്.
Discussion about this post