സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് നിരാശയായി വാട്‌സ്ആപ്പിന്റെ പുതുക്കിയ നയം. ആഗോള തലത്തിൽ വലിയ വിമർശനമാണ് വാട്‌സ്ആപ്പ് നേരിടുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഫേസ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികളുമായി പങ്കുവെയ്ക്കുമെന്നും ഉൾപ്പടെയുള്ള നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോവാനാണ് വാട്‌സ്ആപ്പിന്റെ നിർദേശം. ഇതോടെ വാട്‌സ്ആപ്പിൽ നിന്ന് വലിയ രീതിയിൽ ഉപയോക്താക്കൾ കൊഴിഞ്ഞുപോവുന്നു എന്നാണ് റിപ്പോർട്ട്.
അതേസമയം, വാട്‌സ്ആപ്പിനെ ഉപേക്ഷിച്ച് ഉപയോക്താക്കൾ ഇപ്പോൾ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന സിഗ്നൽ എന്ന മെസേജിങ് ആപ്ലിക്കേഷനിലേക്ക് മാറുകയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായി ഇലോൺ മസ്‌ക് ആഹ്വാനം ചെയ്തതാണ് സിഗ്നലിന് ഉപയോക്താക്കളെ ആകർഷിക്കാനായത്.
കഴിഞ്ഞ ദിവസം ഇലോൺ ട്വീറ്റ് ചെയ്തതിന് പിന്നാലെ സിഗ്നൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം ഉപയോക്താക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ സ്വകാര്യത വാഗ്ദാനത്തിൽ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെ തന്നെ സിഗ്നൽ ആപ്പിന് വലിയ പ്രചാരമുണ്ട്.
ഇലോൺ മസ്‌കിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ പുതിയതായി അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണത്തിൽ പെട്ടന്ന് വർധനവുണ്ടാവുന്നതിന് ഇടയാക്കിയിട്ടുള്ളതായി സിഗ്നൽ കമ്പനിയും വ്യക്തമാക്കി. ഇത് വെരിഫിക്കേഷൻ പ്രക്രിയയിൽ തടസം നേരിടുന്നതിനിടയാക്കിയിട്ടുണ്ടെന്നും ഈ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും സിഗ്നൽ ട്വീറ്റ് ചെയ്തു. ഇലോൺ മസ്‌കിനെ കൂടാതെ എഡ്വേർഡ് സ്‌നോഡനും സിഗ്നൽ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്യുന്നത്.
Discussion about this post