കൊച്ചി: മേല്‍പ്പാലം പണികള്‍ക്കിടെ രാജ്യാന്തര ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയായ സീമീവി3 തകരാറിലായി. കൊച്ചി കുണ്ടന്നൂരിലെ മേല്‍പ്പാലം പണിക്കിടെയാണ് ഭൂഗര്‍ഭ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പൊട്ടിയത്. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യ, മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ മന്ദഗതിയിലായി.
പാലത്തിനുള്ള പൈലിങ് നടത്തുമ്പോളാണ് എട്ട് മീറ്റര്‍ ആഴത്തില്‍ പോകുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പൊട്ടിയത്. എന്നാല്‍ കേബിള്‍ ശ്യംഖലയുടെ ചുമതലക്കാരായ സ്വകാര്യകമ്പനിക്ക് റോഡ് കുഴിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ അറ്റകുറ്റപ്പണി നീളുകയായിരുന്നു.
ബിഎസ്എന്‍എല്ലിന്റേത് അടക്കം ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനങ്ങളെയും രാജ്യാന്തര വാര്‍ത്താവിനിമയ സംവിധാനങ്ങളെയും ബാധിച്ചതോടെ ഇന്ന് രാത്രി പണി നടത്താമെന്ന് ധാരണയായിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ചയോടെ മാത്രമേ പൂര്‍വസ്ഥിതിയില്‍ എത്തൂ. മേല്‍പ്പാലം പണിക്കിടെ ഇക്കഴിഞ്ഞ സെപ്റ്റംബറിലും കേബിള്‍ തകരാറില്‍ ആയിരുന്നു.
Discussion about this post