ഇനി ബൈക്ക് യാത്രികരെ ഹെല്‍മറ്റ് നിയന്ത്രിക്കും..! അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ വിദ്യയുമായി കുട്ടിപ്പട്ടാളങ്ങള്‍; കൈയ്യടിച്ച് കേരളാ പോലീസ്

കൊച്ചി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ചുവരുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ ഇനി അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചിരിക്കുകയണ് ഈ കുട്ടിപ്പട്ടാളങ്ങള്‍. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വിവരിച്ച് വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ആക്‌സിഡന്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്മാര്‍ട്ട് ഹെല്‍മറ്റ് വികസിപ്പിച്ചെടുത്താണ് എറണാകുളം വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ താരമായത്. എന്നാല്‍ കുട്ടികളുടെ മിടുക്കില്‍ അമ്പരന്നിരുന്ന പോലീസ് താമസിക്കാതെ തന്നെ അഭിനന്ദനവുമായി എത്തി. ഇവരുടെ കണ്ടുപിടുത്തം വിവരിക്കുന്ന വിഡിയോ ഔദ്യോഗിക പേജിലും പോലീസ് പോസ്റ്റ് ചെയ്തു.

പ്രത്യേക തരം ഹെല്‍മറ്റാണ് കുട്ടികള്‍ വികസിപ്പിച്ചെടുത്തത്. അതിനകത്ത് സെന്‍സറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ വാഹനത്തിന്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെന്‍സറുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. വാഹനം ഓണ്‍ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെന്‍സറുകള്‍ നല്‍കുന്ന സൂചനകള്‍ക്കു വിധേയമായിട്ടായിരിക്കും. ഹെല്‍മറ്റിലെ ചിന്‍സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ ബൈക്ക് അനങ്ങില്ലെന്ന് ചുരുക്കം. കേരളത്തിലെ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്.

കേരളാ പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…

കേരളത്തിലെ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുമായിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് റോഡ് അപകടങ്ങളിൽ നിന്നും രക്ഷനേടാൻ “സ്മാർട്ട് ഹെൽമെറ്റ്” എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.

ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വാഹനത്തിൻ്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓൺ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെൻസറുകൾ നൽകുന്ന സൂചനകൾക്കു വിധേയമായിട്ടായിരിക്കും. ഹെൽമെറ്റിലെ ചിൻസ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി
മാത്രമേ സെൻസറുകൾ പ്രവർത്തനമാരംഭിക്കുകയുള്ളൂ.

അധ്യാപകരായ സോനു, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അമൽ വർഗീസ്, അജിത് പോൾ, ആന്റണി.കെ.പ്രിൻസ്, അശ്വിൻ.ജി.ടി., അരുൺ.കെ.ബാബു, എന്നീ വിദ്യാർത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചവർ.

ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാർക്കു കേരളപോലീസിൻ്റെ ആശംസകൾ നേരുന്നു.

Exit mobile version