കൊവിഡ് 19 ആശങ്ക ഉയർത്തുന്ന കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് മിക്ക ലോക രാജ്യങ്ങളും. അതുകൊണ്ടുതന്നെ വീട്ടിലിരിപ്പായ യുവാക്കൾ ഉൾപ്പടെ ഉള്ളവർക്കിടയിൽ വീഡിയോ കോളുകൾ ഒരു ട്രെൻഡാവുകയും ചെയ്തു. ഇതിന്റെ ബാക്കി പത്രമായാണ് സൂം ആപ്പ് എന്ന വീഡിയോ ചാറ്റ്് ആപ്ലിക്കേഷൻ ലോകത്തെമ്പാടും വൻപ്രചാരണം നേടിയത്. പെട്ടെന്നായിരുന്നു ആപ്പിന്റെ പ്രശസ്തി വർധിച്ചത്. ഇതോടൊപ്പം തന്നെ ആപ്പിന്റെ സൈബർ സുരക്ഷയും സ്വകാര്യത പഴുതുകളും വലിയ ചർച്ചയാവുകയും ചെയ്തു.
എന്നാൽ ഇതത്ര കാര്യമായി ആരും എടുത്തിരുന്നില്ല. പക്ഷെ, ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂം ആപ്പിനെ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വീഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ് വിവരം. പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ വൻ സുരക്ഷാവീഴ്ചയാണ് ഇത് കാണിക്കുന്നത്.
ഹാക്ക് ചെയ്ത ഡാറ്റ എല്ലാം ഇപ്പോൾ ഡാർക്ക് വെബിൽ വിൽക്കുന്നുണ്ടെന്ന് ഹാക്കറുമായി മദർബോർഡ് നടത്തിയ അഭിമുഖം വെളിപ്പെടുത്തുന്നു. അഭിമുഖം അനുസരിച്ച്, ഹാക്കർ ബ്ലാക്ക് മാർക്കറ്റിൽ സൂമിൽ കണ്ടെത്തിയ ഡേറ്റകൾ വിൽക്കുകയും ചെയ്തിട്ടുണ്ട്. സൂം ഡേറ്റ 5,000 ഡോളർ (3.8 ലക്ഷം രൂപ) മുതൽ 30,000 ഡോളറിന് വരെ (22.8 ലക്ഷം രൂപ) വിൽക്കുന്നുവെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറ്റം ചെയ്യുന്നതിനോടൊപ്പം വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാസ്‌വേഡും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴവും സൂം ആപ്പിലുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. സൂം ബോംബിങിനും (ക്രമരഹിതമായി ഉപയോക്താക്കൾ ഒരു വിഡിയോ കോൺഫറൻസിൽ നുഴഞ്ഞുകയറുന്നത്) ഈ ആപ്പിൽ സാഹചര്യമുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള നിരവധി ഗുരുതരമായ പിഴവിനെ തുടർന്ന് ഗൂഗിൾ ഉൾപ്പടെയുള്ള പല ടെക് ഭീമന്മാരും സൂം ആപ്പ് ഉപേക്ഷിച്ചിരിക്കുകയാണ്.
Discussion about this post